കോട്ടപ്പുറം: വഖഫ് ബോര്‍ഡിന്റെ അന്യായമായ അവകാശവാദത്തെ തുടര്‍ന്ന് തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്ന മുനമ്പം കടപ്പുറം പ്രദേശത്തെ ജനങ്ങളുടെ ഭൂമിക്കുമേലുള്ള റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും നീതിലഭ്യമാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സത്വരം ഇടപെടണമെന്ന് കോട്ടപ്പുറം ബിഷപ്പ്‌സ് ഹൗസില്‍ കൂടിയ രൂപത രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീക മന്ദിരവും സിമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ തടഞ്ഞു വയ്ക്കപ്പെടുന്നതില്‍ യോഗം ആശങ്ക അറിയിച്ചു.
പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നാനാജാതി മതസ്ഥരായ പാവപ്പെട്ട മനുഷ്യര്‍ ഇത്രയും കാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ്.
ഈ പ്രദേശത്തെ ജനങ്ങളില്‍ നിന്ന് വില സ്വീകരിച്ച് ഫറൂഖ് കോളേജ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയ ഭൂമിയിലാണ് മത്സ്യത്തൊഴിലാളികള്‍ താമസിച്ചു വരുന്നത്. വഖഫ് ബോര്‍ഡ് അന്യായമായ രീതിയിലൂടെ ഈ ഭൂമി സ്വന്തമാക്കുവാന്‍ 2022 ല്‍ കത്ത് നല്‍കുന്നതുവരെ ഈ ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള്‍ കൈവശം വച്ചു പോന്ന സ്വത്താണിത്.
വഖഫ് ബോര്‍ഡിന്റെ അന്യായമായ നീക്കങ്ങളുടെ ഫലമായി ഈ പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിത ആവശ്യങ്ങള്‍ക്ക് ഭൂമി ഈട് വെച്ച് പണം കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. കുട്ടികളുടെ പഠനം, വിവാഹം, ഭവന നിര്‍മ്മാണം മുതലായ അടിസ്ഥാന ആവശ്യങ്ങള്‍ വഴിമുട്ടി നില്‍ക്കുകയാണ്.
കുടിയിറക്കല്‍ ഭീഷണിയുടെ മീതെ ജീവിക്കുന്ന ഈ പാവങ്ങളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും ജീവിത പ്രതിസന്ധികള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ പ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുവാന്‍ ശക്തമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.