
രാജസ്ഥാനിലെ ജയ്പുര്‍ കത്തോലിക്കാ രൂപതയുടെ പുതിയ മെത്രാനായി മോണ്‍. ജോസഫ് കല്ലറക്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അജ്മീര്‍ രൂപതാ വൈദികനായ നിയുക്ത ബിഷപ് കല്ലറക്കല്‍, അജ്മീര്‍ കത്തീഡ്രല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്. ഇടുക്കി, ആനവിലാസം കല്ലറക്കല്‍ പരേതനായ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായ അദ്ദേഹം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം അജ്മീര്‍ രൂപതാ മൈനര്‍ സെമിനാരിയില്‍ ചേരുകയായിരുന്നു. അലഹബാദ് സെ.ജോസഫ്‌സ് റീജണല്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തീകരിച്ച ശേഷം ആനവിലാസം സെ.ജോര്‍ജ് പള്ളിയില്‍ 1997 ലായിരുന്നു തിരുപ്പട്ടസ്വീകരണം. സെമിനാരി റെക്ടര്‍, പ്രിന്‍സിപ്പള്‍, വികാരി തുടങ്ങിയ നിലകളില്‍ അജ്മീറില്‍ സേവനം ചെയ്തു. ബിഷപ് ഒസ്വാള്‍ഡ് ലെവിസ് വിരമിക്കുന്ന ഒഴിവിലാണ് 59 കാരനായ മോണ്‍. കല്ലറക്കലിന്റെ നിയമനം.