

കൊച്ചി: ഒരു ഭാഷണ സമൂഹത്തിലെ ജനങ്ങൾ പരസ്പരം ഉണ്ടാക്കിയെടുക്കുന്ന കരാറാണ് ഭാഷയെന്ന് പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് അഭിപ്രായപ്പെട്ടു. നിത്യ വ്യവഹാരത്തിൽ ഇല്ലായെങ്കിൽ ആ ഭാഷയുടെ മരണമാണ് കാണിക്കുന്നത്. വസ്തുക്കൾ, പ്രകൃതി, ബന്ധങ്ങൾ ഒക്കെ പ്രതിഫലിക്കാൻ ഉപയോഗിക്കുന്ന ഒരു വ്യവസ്ഥയാണ് ഭാഷ. ഭാഷയെ കുറിച്ച് ഏറ്റവുമധികവും ഭംഗിയായും സംസാരിച്ചിരിക്കുന്നത് എം. ടി. വാസുദേവൻ നായരാണ്. ടെക്നോളജിയുടെ കാലത്ത് ഒരു ഭാഷ എല്ലാവരും സ്വയത്തമാക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നു. ഭാഷ എന്നാൽ തനത് ജീവിതം തന്നെയാണ്.
ആത്യന്തികമായി ഭാഷ ഒരു അധികാര വ്യവസ്ഥയാണ് അതേസമയം ആശയവിനിമയ ഉപാധിയാണെന്നും സാറാ ജോസഫ് പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച മലയാള ഭാഷ വാരാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സാറാ ജോസഫ്. അതുപോലെ മലയാളഭാഷ സങ്കരം ആണെന്നും സ്വീകരണക്ഷമതയുള്ളവരാണ് മലയാളികൾ എന്നും അവർ തുടർന്നു പറഞ്ഞു. സാഹിത്യ അക്കാദമി മുൻ സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ., എന്നിവർ പ്രസംഗിച്ചു.
ഇതോടൊപ്പം വേൾഡ് ഓഫ് വിസിലേഴ്സ് അംഗങ്ങളുടെ മലയാള കവിത വിസിൽ ആലാപനവും ഉണ്ടായിരുന്നു.
യൂണിവേഴ്സൽ റെക്കോർഡ് ഓഫ് ബുക്ക് ദേശീയ റെക്കോർഡ്, ടാലന്റ് റെക്കോർഡ് ഓഫ് ബുക്സ് എന്നീ എന്നിവയിൽ മലയാളികളുടെ വിസിൽ റെക്കോർഡുകൾ സ്ഥാപിച്ചു.130 വിസിലേഴ്സ് ചുണ്ട്, നാവ് എന്നിവ കൊണ്ട് ചൂളമടിച്ച് ദേശീയ റെക്കോർഡുകൾ സ്ഥാപിച്ചു.
ഗിന്നസ് സത്താർ ആദൂർ, ഗിന്നസ് സുനിൽ ജോസഫ്, വേൾഡ് ഓഫ് വിസിലേഴ്‌സ് പ്രസിഡണ്ട് ജ്യോതി കമ്മത്ത്, സെക്രട്ടറി ബിജോയ് എം കെ എന്നിവർ പങ്കെടുത്തു..