
ഒന്നരപ്പതിറ്റാണ്ടുകാലമായി വീട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ പാചകവാതകമാക്കി മാറ്റി മാതൃകയാവുകയാണ് കൊച്ചി നഗരസഭാ മുപ്പത്തി യൊമ്പതാം ഡിവിഷനില്‍ മാമംഗലം കല്ലച്ചംമുറി വീട്ടില്‍ ഡോ . കെ. എം. കര്‍മചന്ദ്രന്‍. ഭാര്യയും മക്കളുമടങ്ങിയ നാലംഗ കുടുംബത്തിലെ ആഹാര അവശിഷ്ടങ്ങളും ശുചിമുറി മാലിന്യങ്ങളും വീട്ടില്‍ നിര്‍മിച്ചിട്ടുള്ള ബയോഗ്യാസ് പ്ലാന്റില്‍ സംസ്‌കരിക്കുകയാണ് ഇദ്ദേഹം. 2009 ലാണ് ബയോഗ്യാസ് പ്ലാന്റ് നിര്‍മിച്ചത്. ഇപ്പോള്‍ വീട്ടില്‍ ആവശ്യമുള്ള പാചകവാതകത്തിന്റെ നല്ലൊരു പങ്കും ഈ പ്ലാന്റില്‍ നിന്നാണ് ലഭിക്കുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്ലാന്റ് നിര്‍മിക്കുന്നതിനുമുമ്പ് ശരാശരി മൂന്നാഴ്ചയോ നാലാഴ്ചയോ മാത്രം ഉപയോഗത്തിന് തികഞ്ഞിരുന്ന ഒരു സിലിണ്ടര്‍ എല്‍.പി.ജി, പ്ലാന്റ് നിര്‍മിച്ചതിനുശേഷം ഒന്നര രണ്ടു മാസം വരെ ഉപയോഗിക്കാനാവുന്നുണ്ട്.
കേരള കൃഷിവകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ച ഇദ്ദേഹം ഔദ്യോഗിക ജീവിതത്തിനിടയില്‍ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടെ ലഭ്യമാക്കിയ ബയോഗ്യാസ് പ്ലാന്റുകളുടെ മെച്ചം നേരില്‍ മനസിലാക്കിയപ്പോഴാണ് സ്വന്തമായി ഒരെണ്ണം നിര്‍മിക്കാന്‍ ആലോചിച്ചത്. ഇടയ്ക്കിടെ വീട്ടിലെ സെപ്റ്റിക്ക് ടാങ്ക് ക്‌ളീന്‍ ചെയ്യേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് കക്കൂസ് ബന്ധിത പ്ലാന്റ് നിര്‍മാണത്തെക്കുറിച്ചും ചിന്തിപ്പിച്ചു. ശുചിമുറിയുമായി ബന്ധപ്പെടുത്തി പ്ലാന്റ് നിര്‍മിച്ചാല്‍ എന്തെങ്കിലും അസൗകര്യങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക വിജയകരമായി പ്രവര്‍ത്തിക്കുന്ന പല പ്ലാന്റുടമകളുടെ അനുഭവപാഠങ്ങളിലൂടെയും പ്ലാന്റ് നിര്‍മാണത്തില്‍ ഏറെക്കാലത്തെ പരിചയസമ്പത്തുള്ള സഹൃദയയുടെ ഉപദേശങ്ങളിലൂടെയും ദൂരീകരിച്ചു. കക്കൂസില്‍ നിന്നും നേരിട്ട് മാലിന്യങ്ങള്‍ പ്ലാന്റിലേക്കു പോകുന്നു. ആഹാര അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിന് പുറമെ കാണാവുന്ന വിധത്തില്‍ ഒരു ഇന്‍ലെറ്റ് കുടി ദീനബന്ധു മാതൃകയില്‍ നിര്‍മിച്ച ഈ പ്ലാന്റിനുണ്ട്. പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന സ്ലറി സെപ്റ്റിക്ക് ടാങ്കിലേക്കാണ് കടത്തിവിടുന്നത്. ഇടയ്ക്കിടെ സെപ്റ്റിക് ടാങ്ക് ക്‌ളീന്‍ ചെയ്യേണ്ടിവന്നിരുന്ന അവസ്ഥ പ്ലാന്റ് നിര്‍മിച്ചതോടെ മാറിക്കിട്ടിയതായും ഇദ്ദേഹം പറയുന്നു. സെപ്റ്റിക് ടാങ്ക് ക്‌ളീന്‍ ചെയ്യുന്നതിനായി തുറക്കേണ്ടിവരുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകുന്നില്ലെന്നതും ഒരു മെച്ചമാണ്.
ഇടപ്പള്ളി മാമംഗലത്ത് 11 സെന്റിലെ വീടിനോട് ചേര്‍ന്നാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. വല്ലപ്പോഴുമൊരിക്കല്‍ ചെടികള്‍ക്ക് ഇടാനായി കൊണ്ടുവരുന്ന ചാണകത്തില്‍ നിന്ന് ഒരു പങ്ക് പ്ലാന്റില്‍ കലക്കിക്കൊടുക്കുന്നത് പ്ലാന്റിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. നിലവിലെ പാചകവാതക വില നോക്കിയാല്‍ കേവലം ആറോ ഏഴോ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ പ്ലാന്റിന്റെ നിര്‍മാണച്ചെലവ് തിരികെ ലഭിച്ചതായി കണക്കാക്കാം. സോഷ്യോളജി അധ്യാപികയായ ഭാര്യ മിനിയാണ് പ്ലാന്റിന്റെ ദൈനംദിന പരിപാലനത്തില്‍ ശ്രദ്ധിക്കുന്നത്. പ്ലാന്റിനുള്ളിലെ ബാക്ടീരിയയ്ക്ക് ദോഷം വരാതെയിരിക്കാന്‍ ശുചിമുറി രാസവസ്തുക്കള്‍ ഉപയോഗിച്ച് ക്‌ളീന്‍ ചെയ്യുന്നതിന് ചെറിയ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൃഷിവകുപ്പിന്റെ കീഴില്‍ നാലു പതിറ്റാണ്ടോളമായി അംഗീകൃത ബയോഗ്യാസ് ഏജന്‍സിയായി പ്രവര്‍ത്തിച്ചുവരുന്ന വൈറ്റില പൊന്നുരുന്നിയിലുള്ള സഹൃദയ ടെക്കിന്റെ സാങ്കേതിക മേല്‍നോട്ടത്തിലാണ് ഈ പ്ലാന്റ് നിര്‍മിച്ചതെന്ന് ഡോ. കര്‍മചന്ദ്രന്‍ പറഞ്ഞു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ വകുപ്പ്, കൃഷി വകുപ്പ്, അനെര്‍ട്ട്, ശുചിത്വമിഷന്‍ എന്നിവയുടെ അംഗീകൃത ഏജന്‍സിയായി പ്രവര്‍ത്തിച്ചുവരുന്ന സഹൃദയ ടെക്ക് കന്നുകാലികളുടെ ചാണകം, അറവുശാല മാലിന്യം, ആഹാര അവശിഷ്ടങ്ങള്‍ തുടങ്ങി വിവിധതരം മാലിന്യങ്ങള്‍ ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി മുപ്പതിനായിരത്തിലേറെ ബയോഗ്യസ് പ്ലാന്റുകള്‍ ഇതിനകം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
വിശദവിവരങ്ങൾക്ക് :
ഡോ. കെ എം കർമചന്ദ്രൻ : 9895240408
ജീസ് പി പോൾ, സഹൃദയ : 8943710720