
മലയാള ഭാഷയെ പരിണയിച്ച വ്യക്തിയാണ് എം.കെ. സാനു മാഷെന്നും, പ്രായത്തെ മറികടന്നുക്കൊണ്ട് ഏത് പരിപാടിയിലും പങ്കെടുക്കുവാന്‍ സൗമനസ്യം കാണിക്കുന്ന എല്ലാ വേദികളിലെയും യുവാവാണ് സാനു മാഷെന്നും ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 96ാം ജന്മദിനത്തില്‍ സാനു മാഷിനോടൊപ്പം പ്രഭാത ഭക്ഷണം, ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്.
ലോകത്തിന്റെ ഭാരം ലഘൂകരിക്കാന്‍ പരിശ്രമിക്കുന്നവര്‍ ലോകത്തിന് ഭാരമായി തീരുന്നുവെന്നത് സങ്കടകരമായ കാര്യമാണ്. ജീവിതത്തിന്റെ ക്ഷണികത അറിയുന്നു, ജീവിതത്തെ സാര്‍ത്ഥകമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, ആശാസ്യമായതും അല്ലാത്തതുമായ മാറ്റങ്ങള്‍ നമ്മെ തളര്‍ത്തുന്നുവെന്നു എം. കെ. സാനു അഭിപ്രായപ്പെട്ടു. ലോകത്തിന്റെ അവസ്ഥ മാറിയിരിക്കുന്നു. ആളുകളില്‍ സങ്കുചിതവും വെറുപ്പും കൊല്ലാനുള്ള വാസനയും വര്‍ദ്ധിച്ചിരിക്കുന്നു. മനുഷ്യന്‍ മനുഷ്യനെ കശാപ്പുചെയ്യുന്ന കാലം ഈ ജീവിതം എത്ര നിസ്സാരമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ കണ്ടുകൊണ്ട്, പ്രപഞ്ചത്തെ ഒരു ചൈതന്യം ഭരിക്കുന്നു എന്നറിഞ്ഞുകൊണ്ട് ആ ചൈതന്യം ഏറ്റെടുത്തുക്കൊണ്ട് കരുണയും കരുത്തും നല്‍കണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളതെന്ന് സാനുമാഷ് പറഞ്ഞു.
എറണാകുളം എം.എല്‍.എ. ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. ബാബു എം.എല്‍.എ., ഡോ. ജിഗുസ്വാമി, ഫാ. ബിജു വടക്കേല്‍, ഫാ. തോമസ് പുതുശ്ശേരി, കെ.സി.ബി. സി. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍, ഡോ. പോള്‍ തേലക്കാട്ട്, കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന്‍, പത്മജ എസ്. മേനോന്‍, പ്രസ് ക്ലബ് സെക്രട്ടറി സൂഫി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.