മൈക്രോ മൈനോരിറ്റിക്ക് ഭരണഘടനാ നിര്‍വ്വചനമുണ്ടാകണം

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Published on

കൊച്ചി: ഇന്ത്യയിലെ ആറു മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ചേര്‍ന്ന സിബിസിഐ ലെയ്റ്റി കൗണ്‍സിലില്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ അംഗവുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് മോസ്റ്റ് റവ.അലക്‌സ് വടക്കുംതല എന്നിവര്‍ സംസാരിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ദേശീയ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. ഭാരത കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളെ പ്രതിനിധീകരിച്ച് സീറോ മലബാര്‍ സഭ ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ സെക്രട്ടരി ഫാ.ജോബി മൂലയില്‍, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജികുമാര്‍, മലങ്കര കാത്തലിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടരി വി.സി.ജോര്‍ജുകുട്ടി, കെ.സി.ബി.സി.ലെയ്റ്റി കമ്മീഷന്‍ സെക്രട്ടറി ഡോ.കെ.എം.ഫ്രാന്‍സീസ് എന്നിവര്‍ ദേശീയ, റീജിയണല്‍ തലങ്ങളിലെ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു.

സിബിസിഐയുടെ 14 റീജിയണുകളിലും ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ ടീമിന് രൂപം നല്‍കും. കേരളത്തില്‍ 2023 മാര്‍ച്ചില്‍ ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കും. ഡിസംബര്‍ 18ന് ദേശീയതലത്തില്‍ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും. നീതിനിഷേധങ്ങള്‍ക്കെതിരെ ദളിത് ക്രൈസ്തവ പോരാട്ടങ്ങള്‍ക്ക് ദേശീയതലത്തില്‍ അന്നേദിവസം പിന്തുണ പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org