എം.ഐ. ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ സംഗമം

എം.ഐ. ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ സംഗമം

ഏങ്ങണ്ടിയൂര്‍: പ്രളയക്കെടുതിയില്‍ മുങ്ങിത്തുടിച്ച അനേകര്‍ക്ക് രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ രക്ഷാനൗകയില്‍ രക്ഷകന്‍റെ തിരുപ്പിറവി. ഏങ്ങണ്ടിയൂര്‍ എം.ഐ. മിഷന്‍ ആസ്പത്രിയിലെ ക്രിസ്തുമസ്സ് ആഘോഷത്തിലാണ് മത്സ്യതൊഴിലാളികളുടെ രക്ഷാദൗത്യം പ്രമേയമായത്. അനേകരെ രക്ഷിച്ച നൗകകളുടെ പ്രതീകമായ വള്ളത്തിലാണ് തിരുപ്പിറവിയുടെ പുല്‍ക്കൂട് ഒരുങ്ങിയത്. 'രക്ഷകന്‍' എന്നുതന്നെയാണ് പുല്‍ക്കൂടിനു പേരിട്ടതും.

ആശുപത്രിയില്‍ പിറന്ന കു ഞ്ഞുങ്ങളുടെ സംഗമത്തോടെ ഒരുക്കിയ ക്രിസ്തുമസ്സ് ആഘോഷത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി സന്ദേശം നല്‍കി. പ്രളയനാളുകളില്‍ രക്ഷകരായ മത്സ്യതൊഴിലാളികളെ കേരളം എന്നും ഓര്‍മ്മിക്കുമെന്ന് മാര്‍ ജേക്കബ് തൂങ്കുഴി പറഞ്ഞു. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി പുരധിവസിപ്പിക്കുകയാണ് ഈ ക്രിസ്തുമസ്സ് വേളയില്‍ സമൂഹത്തിനുള്ള പ്രധാന ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളി ദമ്പതികളായ കെ.വി. കാര്‍ത്തികേയന്‍, രേഖ എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. കൂടുതല്‍ കുഞ്ഞുങ്ങളെ സമൂഹത്തിന് സമ്മാനിച്ച സിബില്‍ ദേവസ്സി, ജിന്‍റോ ജോസഫ് ദമ്പതിമാര്‍ക്കും കുടുംബത്തിനും സമ്മാനം നല്‍കി. ആശുപത്രിയില്‍ കഴിഞ്ഞയാഴ്ച ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മാര്‍ട്ടിന്‍ ജോസഫ്-ടീന ദമ്പതിമാര്‍ക്ക് സ്വര്‍ണ്ണപതക്കം സമ്മാനിച്ചു. ഇന്നലെ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ച ഉണ്ണിതങ്കച്ചന്‍ – നിജി ദമ്പതിമാര്‍ക്കും ഉപഹാരം നല്‍കി.

ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് സ്വാഗതവും അസി. ഡയറക്ടര്‍ ഫാ. സണ്‍ജയ് തൈക്കാട്ടില്‍ നന്ദിയും പറഞ്ഞു. സിസ്റ്റര്‍ ഗ്രേയ്സ് മരിയ, സിസ്റ്റര്‍ റിനറ്റ്, സിസ്റ്റര്‍ ശോഭ, സിസ്റ്റര്‍ സുദീപ, മാര്‍ട്ടിന്‍ പി.ജെ., ഷിബു പി.എസ്, വി. ബാബു, പവന്‍ പ്രജാപതി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org