
കാക്കനാട്: തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും രൂക്ഷമായ വന്യമൃഗശല്യവും മൂലം അങ്ങേയറ്റം പരിതാപകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന കര്‍ഷകരെയും കാര്‍ഷിക വൃത്തിയെയും സംരക്ഷിക്കാനുള്ള കാര്യക്ഷമമായ നടപടികള്‍ പ്രതിബദ്ധതയോടെ സ്വീകരി ക്കണമെന്ന് സീറോമലബാര്‍സഭയുടെ മെത്രാന്‍ സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സീറോമലബാര്‍സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിന്റെ അവസാന ദിവസമാണ് കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് സിനഡ് ചര്‍ച്ച ചെയ്തത്.
ഉല്പന്നങ്ങളുടെ അത്ഭുതപൂര്‍വ്വമായ വിലത്തകര്‍ച്ച കര്‍ഷകരുടെ നിലനില്പ്പിനെത്തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജനവാസമേഖലകളെ പരിസ്ഥിതിലോലപ്രദേശങ്ങളായി ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് വീണ്ടും ഉണ്ടാകുന്നത് അപലപനീയമാണ്. കാര്‍ഷികവായ്പകളുടെ പലിശയെങ്കിലും എഴുതിത്തള്ളി കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണം. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ ഒതുക്കിനിര്‍ത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ക്രിയാത്മകമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായതാങ്ങുവില പ്രഖ്യാപിച്ച് കര്‍ഷകര്‍ക്കുണ്ടാകുന്ന ഭീമമമായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടണം. വനപാലകരുടെ കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചിറ്റാരിലെ പി.പി മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള സാഹചര്യങ്ങളൊരുക്കി ആ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സിനഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ പ്രത്യേക അനുമതി പ്രകാരം സഭാചരിത്രത്തില്‍ പ്രഥമമായി ഓണ്‍ലൈനായാണ് സിനഡ് സമ്മേളിച്ചത്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്ക, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ശുശ്രൂഷചെയ്തുവരുന്ന മെത്രാന്മാരും ഔദ്യോഗിക ശുശ്രൂഷയില്‍ നിന്ന് വിരമിച്ചവരും ഉള്‍പ്പെടെ 62 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുത്തു.