
ദ്വാരക – മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി ഏര്‍പ്പെടുത്തിയിരിക്കുന്ന മനുഷ്യാവകാശ പുരസ്‌കാരത്തിന് ഈ വര്‍ഷം കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ. ജോസ് അര്‍ഹനായി. പതിനായിരം രൂപയും, ശില്‍പവും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. റേഡിയോ മാറ്റൊലിയുടെ പതിമൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ സ്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ് കറുകപ്പള്ളിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന അഖിലേന്ത്യാ കര്‍ഷക പ്രക്ഷോഭത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ പ്രതികൂല സാഹചര്യങ്ങളിലും കാരവന്‍ മാഗസിന്‍ നടത്തിയ ശ്രമങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നംഗ സമിതിയാണ് അവാർഡ് നിർണയിച്ചത്.
കാരവന്‍ മാഗസിന്‍ എക്‌സിക്യുട്ടീവ് എഡിറ്ററായ വിനോദ് വയനാട് ദ്വാരക സ്വദേശിയാണ്. നിക്ഷ്പക്ഷവും മനുഷ്യപക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത ദൃഷ്ടാന്തമാണ് വിനോദിന്റെ നേതൃത്വത്തിലുള്ള കാരവന്‍ മാഗസിന്‍ കാഴ്ചവയ്ക്കുന്നത്. 1988-ല്‍ പ്രസിദ്ധീകരണം നിലച്ച മാഗസിന്‍ 2009-ല്‍ പുനരാരംഭിച്ചത് വിനോദിന്റെ പരിശ്രമഫലമായാണ്. ഫ്രീ പ്രസ് എന്ന മലയാള പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദവും, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അദ്ദേഹം ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ഡോക്ടറേറ്റും നേടി. മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് രാംനാഥ് ഗോയങ്കെ അവാര്‍ഡ്, ഫോറിന്‍ പ്രസ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരളീയരായ ആളുകള്‍ക്കും സംഘടനകള്‍ക്കുമായി റേഡിയോ മാറ്റൊലിയുടെ സ്ഥാപക ഡയറക്ടര്‍ ഫാ. ഡോ. തോമസ് ജോസഫ് തേരകം റേഡിയോ മാറ്റൊലിയിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണ് മാറ്റൊലി മനുഷ്യാവകാശ പുരസ്‌കാരം. അദ്ദേഹത്തിന് പുറമേ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ എച്ച്. ബി. പ്രദീപ് മാസ്റ്റര്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ ശ്രീമതി ഉഷ വിജയന്‍, സ്്‌റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ തോമസ് എന്നിവര്‍ നേതൃത്വം നൽകി.