സ്നേഹവും കൂട്ടായ്മയും പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കും: മാര്‍ ജോസ് പുത്തന്‍വീട്ടില്‍

സ്നേഹവും കൂട്ടായ്മയും പ്രതിസന്ധികളെ അതിജീവിക്കാന്‍ സഹായിക്കും: മാര്‍ ജോസ് പുത്തന്‍വീട്ടില്‍
Published on

തണ്ണീര്‍മുക്കം: സ്നേഹവും കൂട്ടായ്മയും കൊണ്ട് ഏതു ദുരിതത്തെയും പ്രതിസന്ധിയെയും അതിജീവിക്കാനാവുമെന്ന് മഹാപ്രളയം നമ്മെ പഠിപ്പിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍, പ്രളയദുരിതം നേരിടുന്ന ഗ്രാമങ്ങളെ കഴിവുള്ള മറ്റു ഗ്രാമങ്ങളുമായി ബന്ധപ്പെടുത്തി അതിജീവനത്തിനു സഹായിക്കുന്നതിനായി നടപ്പാക്കുന്ന നാമൊന്നായ് പദ്ധതി തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹത്തെയും സേവന മനോഭാവത്തെയും ജാതി, മത, രാഷ്ട്രീയ മതിലുകള്‍ക്കുള്ളില്‍ തളച്ചിടാനാവില്ല. പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ ആദ്യം തകര്‍ന്നത് ഇത്തരം സങ്കുചിത മനോഭാവത്തിന്‍റെ പേരില്‍ മനുഷ്യന്‍ സൃഷ്ടിച്ച മതിലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തണ്ണീര്‍മുക്കം ഗ്രാമത്തിലെ നാനാ ജാതി മതസ്ഥരായ ദുരിതബാധിതരുടെ അതിജീവനത്തിനു സഹായിക്കുന്ന വൈറ്റില സെന്‍റ് ഡാമിയന്‍ ഇടവകയെ അദ്ദേഹം അനുമോദിച്ചു. നാമൊന്നായ് പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കുന്ന അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ അസി. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവളളി യോഗത്തില്‍ അധ്യക്ഷനായിരുന്നു. തണ്ണീര്‍മുക്കം പള്ളി വികാരി ഫാ. ജോസഫ് ഡി പ്ലാക്കല്‍, മാത്തച്ചന്‍ സെവറയില്‍, ടോമി പുന്നേക്കാട്ടില്‍, ബേബി മണ്ണാമ്പത്ത്, ജോണ്‍സണ്‍ ജെ. പറമ്പന്‍, സാജു മുട്ടംതൊട്ടി, ആന്‍റണി കാച്ചപ്പള്ളി, ജോര്‍ജ് ഏറംകുളം തുടങ്ങിയവര്‍ സംസാരിച്ചു. ദുരിതബാധിതര്‍ക്കായി ഫാമിലി കിറ്റുകളും വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org