ശുശ്രൂഷയുടെ ജോലി ചെയ്തുകൊണ്ട് വൈദികര്‍ ദൈവജനത്തെ പ്രോത്സാഹിപ്പിക്കണം – മാര്‍ ജേക്കബ് മനത്തോടത്ത്

ശുശ്രൂഷയുടെ ജോലി ചെയ്തുകൊണ്ട് വൈദികര്‍ ദൈവജനത്തെ പ്രോത്സാഹിപ്പിക്കണം – മാര്‍ ജേക്കബ് മനത്തോടത്ത്

മണ്ണാര്‍ക്കാട്: ശുശ്രൂഷയുടെ ജോലി ചെയ്തുകൊണ്ട് വൈദികര്‍ ദൈവജനത്തെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ് സമൂഹത്തില്‍ കൂടുതല്‍ നന്മ ചെയ്യാന്‍ സഭയ്ക്ക് സാധിക്കുന്നത് എന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാപ്പള്ളി ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളിക്ക് പൗരോഹിത്യ രജതജൂബിലി ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത്തഞ്ച് വൈദികരുടെ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ഇടവക ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. മുണ്ടൂര്‍ യുവക്ഷേത്ര കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലാലു ഓലിക്കല്‍ ജൂബിലിയുടെ ആശംസകള്‍ നേര്‍ന്നു. പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. കൈക്കാരന്‍ മാത്യൂ കല്ലുവേലില്‍ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി മറുപടിപ്രസംഗം നടത്തുകയും കുടുംബ പ്രതിനിധി ഷാജി തുരുത്തിപ്പള്ളി കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ടി. ആര്‍ സെബാസ്റ്റ്യന്‍ ചടങ്ങില്‍ സംബന്ധിച്ചു.

പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന കുളക്കാട്ടുകുറുശ്ശി ഇടവക വികാരി ഫാ. ആന്‍റണി പെരുമാട്ടി, കാരാകുറുശ്ശി ഇടവക വികാരി ഫാ. സേവ്യര്‍ വളയത്തില്‍ എന്നിവരെ പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. വിവാഹത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയും രജതജൂബിലിയും ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് കുടുംബ കൂട്ടായ്മയുടെയും കത്തോലിക്ക കോണ്‍ഗ്രസിന്‍റെയും രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ ആശംസകള്‍ നേര്‍ന്നു. വിവാഹത്തിന്‍റെ ജൂബിലി ആഘോഷിക്കുന്ന പതിനൊന്ന് ദമ്പതികള്‍ക്ക് ഇടവക വികാരി റവ. ഡോ. ജോര്‍ജ് തുരുത്തിപ്പള്ളി, അസി. വികാരി സേവ്യര്‍ തെക്കനാല്‍ എന്നിവര്‍ ചേര്‍ന്ന് സ്മരണികകള്‍ നല്കി. തുടര്‍ന്ന് സന്യാസത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന സി. ജോയ്സിയെയും വിശ്വാസ പരിശീലന രംഗത്ത് മുപ്പത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജോസ് കൂത്തനാടിയെയും ചടങ്ങില്‍ ആദരിച്ചു.

വടക്കഞ്ചേരി പോളിടെക്നിക് കോളജ് അസി. ഡയറക്ടര്‍ ഫാ. റെനി കാഞ്ഞിരത്തിങ്കല്‍, ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് അസി. ജനറാള്‍ സി. അല്‍ഫോന്‍സ, പാസ്റ്ററല്‍ കൗണ്‍സില്‍ രൂപത ജോ. സെക്രട്ടറി ഡോ. റോസ് തോമസ്, കെസിവൈഎം രൂപത പ്രസിഡന്‍റ് ജിതിന്‍ മോളത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഇടവകദിന കലാ കായിക മത്സരത്തില്‍ ജേതാക്കളായ കുടുംബ കൂട്ടായ്മ യൂണിറ്റുകള്‍ക്ക് വികാരി ജനറാള്‍ മോണ്‍. പീറ്റര്‍ കൊച്ചു പുരയ്ക്കല്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അസി. വികാരി സേവ്യര്‍ തെക്കനാല്‍ സ്വാഗതവും ഇടവകദിന ആഘോഷകമ്മിറ്റി കണ്‍വീനര്‍ ജോസ് വടക്കേടത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സ്നേഹവിരുന്നോടുകൂടി ഇടവകദിന ആഘോഷ പരിപാടികള്‍ സമാപിച്ചു. ഇടവകദിന ആഘോഷകമ്മിറ്റി ജോ. കണ്‍വീനര്‍ ജിജോ പുലവേലില്‍, കൈക്കാരന്മാരായ മാത്യൂ കല്ലുവേലില്‍, സിജു കൊച്ചത്തിപ്പറമ്പില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org