കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധബധിര പുനരധിവാസ പദ്ധതിയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച് ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, നിര്‍മ്മലാ ജിമ്മി, തോമസ് ചാഴികാടന്‍ എം.പി, ലൗലി ജോര്‍ജ്ജ്, തോമസ് കോട്ടൂര്‍, ഗീതാകുമാരി കെ.കെ., ഷൈല തോമസ് എന്നിവര്‍ സമീപം.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്ധബധിര പുനരധിവാസ പദ്ധതിയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച് ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, നിര്‍മ്മലാ ജിമ്മി, തോമസ് ചാഴികാടന്‍ എം.പി, ലൗലി ജോര്‍ജ്ജ്, തോമസ് കോട്ടൂര്‍, ഗീതാകുമാരി കെ.കെ., ഷൈല തോമസ് എന്നിവര്‍ സമീപം.

ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പ്രോത്സാഹനവും നല്‍കി മുഖ്യധാരാവത്ക്കരണത്തിന് അവസരം ഒരുക്കേണ്ടത് മാനുഷിക ധര്‍മ്മം - ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം

അന്ധബധിര പുനരധിവാസ പദ്ധതി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
Published on

കോട്ടയം: ഭിന്നശേഷിയുള്ളവര്‍ക്ക് പരിഗണനയും പ്രോത്സാഹനവും നല്‍കി മുഖ്യധാരാവത്ക്കരണത്തിന് അവസരം ഒരുക്കേണ്ടത് മാനുഷിക ധര്‍മ്മമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിലൂടെ ആത്മീയ ചൈതന്യത്തില്‍ അധിഷ്ഠിതമായ ദൈവികമായ പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവരെ മാറ്റിനിര്‍ത്താതെ ചേര്‍ത്ത് പിടിക്കുന്ന സമീപനവും ശൈലിയുമാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹം പിന്തുടരേണ്ടതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കോട്ടയത്തിന്റെ കീഴിലുള്ള മെഡിക്കല്‍ ആന്റ് പാരാമെഡിക്കല്‍ വിഭാഗത്തില്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയോടനുബന്ധിച്ച് അന്ധബധിര വൈകല്യം നേരിടുന്ന വ്യക്തികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും പ്രസ്തുത വൈകല്യത്തിന്റെ നേരത്തെയുള്ള കണ്ടുപിടിക്കലിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ക്കായുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രമായ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ പാലാ ചേര്‍പ്പുങ്കലില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org