സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി അപ്രഖ്യാപിത ജനദ്രോഹ മദ്യനയമാണ് നടപ്പിലാക്കി വരുന്നതെന്നും ഈ നയത്തെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളോടൊപ്പം പൊതുസമൂഹവും ചെറുത്തു തോല്പ്പിക്കണമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
ചങ്ങനാശ്ശേരി, കോട്ടയം അതിരൂപതകളും പാലാ, വിജയപുരം, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കോട്ടയം മേഖല ലഹരി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.
ഏത് കാലഘട്ടത്തിലെ മദ്യനയമാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിക്കണം. പ്രകൃതി ദുരന്തങ്ങളുടെയും, അഴിമതി, പീഡന കേസുകളുടെയും മറവില്‍ നാടെങ്ങും മദ്യശാലകള്‍ അനുവദിച്ച് ജനദ്രോഹ നയത്തിന്റെ തേരോട്ടം നടത്താന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെ നേരിടും.
മനുഷ്യന്റെ മദ്യാസക്തി എന്ന ബലഹീനതയെ ചൂഷണം ചെയ്ത് അവന്റെ സമ്പത്തിനെയും ശാരീരിക, മാനസികാരോഗ്യത്തെയും കൊള്ളയടിക്കരുത്. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മാരക രാസലഹരികളുടെ വ്യാപനത്തിന് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ എന്തുകൊണ്ടാണ് രാസലഹരികളുടെയും മദ്യത്തിന്റെയും ഹബ്ബായി സംസ്ഥാനം മാറിയതെന്ന് വ്യക്തമാക്കണം.
മദ്യനയത്തില്‍ ജനവിരുദ്ധമായ നിലപാടുകളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. ഈ അബ്കാരി വര്‍ഷത്തെ മദ്യനയം കൂടിയാലോചനകളോടെ അടിയന്തരമായി പ്രഖ്യാപിക്കണം. നികുതി വരുമാനം കൂട്ടാനും കുടുംബങ്ങളുടെ വരുമാനം തകര്‍ക്കാനും മദ്യാസക്തി രോഗികളെ ചൂഷണം ചെയ്യരുത്.
സംസ്ഥാനത്തെ മദ്യോപയോഗത്തിന്റെ കോടിക്കണക്കിന് രൂപയുടെ തോത് വെളിപ്പെടുത്തുന്നവര്‍ മദ്യാസക്തി മൂലം തകര്‍ന്ന കുടുംബങ്ങളുടെയും വ്യക്തികളുടെയും യഥാര്‍ത്ഥ കണക്കുകള്‍ക്കൂടി പുറത്തുവിടണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.