'ലോക് ഡൗണ്‍ പക്ഷികള്‍' തപാല്‍ മുദ്രകളില്‍

യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ ജഴ്‌സി 'ലോക്ഡൗണ്‍ പക്ഷികള്‍' എന്ന പേരില്‍ പുറത്തിറക്കിയ പ്രഥമ ലോക്ഡൗണ്‍ വിഷയാധിഷ്ഠിത തപാല്‍ മുദ്രകള്‍. ഇന്‍സെറ്റില്‍ ഷൈജു കുടിയിരിപ്പില്‍

യൂറോപ്യന്‍ ദ്വീപ് രാഷ്ട്രമായ ജഴ്‌സി 'ലോക്ഡൗണ്‍ പക്ഷികള്‍' എന്ന പേരില്‍ പുറത്തിറക്കിയ പ്രഥമ ലോക്ഡൗണ്‍ വിഷയാധിഷ്ഠിത തപാല്‍ മുദ്രകള്‍. ഇന്‍സെറ്റില്‍ ഷൈജു കുടിയിരിപ്പില്‍

അങ്കമാലി: പ്രമുഖ ഫിലാറ്റലിസ്റ്റായ ഷൈജു കുടിയിരിപ്പിലിന്റെ വിപുലമായ സ്റ്റാമ്പ് ശേഖരത്തിലേയ്ക്ക് പുതുതായി എത്തിയിരിക്കുകയാണ് ലോക്ഡൗണ്‍ പ്രമേയമാകുന്ന തപാല്‍ മുദ്രകള്‍. വൈറസ് മുതല്‍ വാക്‌സിനേഷന്‍ വരെ തപാല്‍ മുദ്രകള്‍ക്ക് പ്രമേയമായ കൊവിഡ് കാലഘട്ടത്തില്‍ ലോക്ഡൗണ്‍ സംബന്ധിയായ പ്രഥമ തപാല്‍ മുദ്ര എന്നതിനുപുറമേ കൊവിഡുമായി ബന്ധപ്പെട്ട ആദ്യ സ്റ്റിക്കര്‍ സ്റ്റാമ്പ് എന്ന പ്രത്യേകതയും ഇതിനുണ്ട്.

'ലോക് ഡൗണ്‍ ബേഡ്‌സ്' എന്ന വിഷയത്തിലാണ് ഈ സ്റ്റാമ്പുകള്‍. ബ്രിട്ടീഷ് സ്വയം ഭരണ ദ്വീപായ ജഴ്‌സിയിലാണ് 8 സ്റ്റാമ്പുകള്‍ അടങ്ങിയ ഈ മിനിയേച്ചര്‍ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കിയിരിക്കുന്നത്. ദ്വീപ് നിവാസിയായ ചിത്രകാരി ബേണി മാര്‍ട്ടിന്‍ ലോക്ഡൗണ്‍ സമയത്ത് തന്റെ പൂന്തോട്ടത്തില്‍ കണ്ട പക്ഷികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിക്കുകയും ഒരു ദിവസം ഒരു ചിത്രം വീതം വരയ്ക്കുകയുമായിരുന്നു. 8 ദിവസം കൊണ്ട് 8 പക്ഷികള്‍ കാന്‍വാസിലായി. ഈ ചിത്രങ്ങളാണ് തപാല്‍ മുദ്രകള്‍ക്ക് പ്രമേയമായത്. 54, 84, 70, 88 പൗണ്ട് ഷില്ലിംഗ്‌സായിട്ടാണ് വിവിധ സ്റ്റാമ്പുകളുടെ വില.

കൊവിഡ് തരംഗങ്ങളും ലോക്ഡൗണും പല രാജ്യങ്ങളിലും തുടരുന്ന സാഹചരൃത്തില്‍ ലോകമെമ്പാടുമുള്ള ഫിലാറ്റിലിസ്റ്റുകളുടെ ശ്രദ്ധനേടാന്‍ ഈ സ്റ്റാമ്പിന് കഴിഞ്ഞിട്ടുണ്ട്. പക്ഷിമൃഗാദികള്‍ കൊവിഡ് വിഷയാധിഷ്ഠിത സ്റ്റാമ്പുകള്ക്ക് പ്രമേയമാകുന്നത്, ഇത് രണ്ടാമത്തെ പ്രാവശ്യമാണ്. രണ്ട് മാസം മുമ്പ് ഓസ്ട്രിയ എന്ന രാജ്യം കൊവിഡിനെ തളയ്ക്കാന്‍ കുട്ടിയാന എന്ന സന്ദേശവുമായി തപാല്‍ മുദ്രകള്‍ പുറത്തിറക്കിയിരുന്നു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ സീനിയര്‍ പി.ആര്‍.ഒ. ആന്റ് മീഡിയ റിലേഷന്‍സ് ഓഫീസറാണ് ഷൈജു കുടിയിരിപ്പില്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org