അത്യന്തം വിനാശകരമായ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക: യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്

കൊച്ചി: സര്‍ക്കാരിന്റെ വിനാശകരമായ മദ്യനയത്തെ കേരള കത്തോലിക്കാ സഭയിലെ എല്ലാ രൂപതകളും കേരളസമൂഹവും നഖശിഖാന്തം എതിര്‍ക്കുന്നു. വകതിരിവും വിവേചനവുമില്ലാത്ത ഒരു സമീപനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു തലമുറയുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും പുല്ലുവില കൊടുക്കുന്ന സമീപനമാണിത്. മദ്യാസക്തിയിലേക്ക് ജനത്തെ തള്ളിവിടുന്ന ഈ സംസ്‌ക്കാരത്തെ നവോത്ഥാനം എന്ന് എങ്ങനെ പേരുവിളിക്കാന്‍ കഴിയും? വീടുകളും തൊഴിലിടങ്ങളും മദ്യശാലകളായാല്‍ ഈ നാടെങ്ങെനെ രക്ഷപ്പെടും? സുബോധം നഷ്ടപ്പെട്ടവരെക്കൊണ്ട് സൃഷ്ടിക്കേണ്ട ഒന്നാണോ കേരളത്തിന്റെ നവോത്ഥാനം?

സംസ്ഥാനം നിക്ഷേപസൗഹൃദമാക്കാന്‍ കുടിയന്മാരെ സൃഷ്ടിക്കുക എന്നത് എത്ര ബാലിശമായ ചിന്താഗതിയാണ്. മൂല്യബോധമുള്ള ഒരു വ്യക്തിക്കും ഈ ആശയത്തെ സാധൂകരിക്കാനാവില്ല. പഴവര്‍ഗ്ഗങ്ങളില്‍ നിന്നുള്ള മദ്യ ഉത്പാദനം സാവാകാശം വിഷം കുത്തിവയ്ക്കുന്ന ഒരു കുത്സിത ഉപായമാണ്. സ്ത്രികളെ ആയിരിക്കും ഇത്തരം വീര്യംകുറഞ്ഞ മദ്യം ഒരു ദുരന്തമായി ബാധിക്കുക എന്നുള്ളതിന് തര്‍ക്കമില്ല. മദ്യവും ലഹരിയും മൂലം കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍, അവ ഉണ്ടാക്കുന്ന ദുരന്തങ്ങള്‍ കാണുവാന്‍ സര്‍ക്കാരിന് കാഴ്ച്ച നഷ്ടപ്പെട്ടിരിക്കുന്നു. മദ്യലോബികളുടെ പ്രീണനങ്ങള്‍ക്ക് വഴിപ്പെട്ട് കേരളത്തെ മദ്യഭ്രാന്താലയമാക്കരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. അതോടൊപ്പം, പിടിച്ചെടുക്കുന്ന ലഹരി സാധനങ്ങള്‍ എവിടെയാണെന്നതിന് ജുഡീഷ്യല്‍ അന്വേഷണവും നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ആവശ്യമായ കൂടിയാലോചനകള്‍ നടത്തി കേരള സര്‍ക്കാരിന്റെ മദ്യനയത്തില്‍ സമൂല മാറ്റം ഉണ്ടാക്കണമെന്ന് കേരള കത്തോലിക്കാ സഭയിലെ 32 രൂപതകളും എല്ലാ സുമനസ്സുകളും ഐകകണ്‌ഠേന ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം, വ്യാപകമായ പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org