

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. രജത ജൂബിലിയുടെ ആഘോഷങ്ങള്‍ ഏപ്രില്‍ 18ന് പാലാരിവട്ടം പി.ഒ.സിയില്‍ വച്ച് നടത്തപ്പെടും. സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് ബാവയും ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
ജൂബിലി സ്മരണിക കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ ബിഷപ്പ് ജോസ് പുളിക്കല്‍ പ്രകാശനം ചെയ്യും. ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന ലോഗോസ് ക്വിസ് സ്റ്റാമ്പിന്റെ അനാഛാദനകര്‍മം മുന്‍ ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ്പ് ജെയിംസ് ആനാപറമ്പില്‍ നിര്‍വഹിക്കും. ''ക്രിസ്തു ജയന്തി 2000'' ആഘോഷങ്ങളുടെ ഭാഗമായി കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് എന്ന ബൈബിള്‍ പഠന കളരി ആരംഭിക്കുന്ന സമയത്ത് ചെയര്‍മാനായിരുന്ന ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടില്‍ കഴിഞ്ഞ 25 വര്‍ഷവും പരീക്ഷയെഴുതിയ 137 പേരെ ചടങ്ങില്‍ ആദരിക്കും. ബൈബിള്‍ സൊസൈറ്റിയുടെയുടെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന ശ്രീ. ജസ്റ്റിസ് കുര്യന്‍ ജോസഫ് ലോഗോസ് ക്വിസിന്റെ വിജയത്തിനായി ഈ വര്‍ഷങ്ങളില്‍ നിസ്തുല ശുശ്രൂഷചെയ്തവരെ ആദരിക്കും.
KCBC ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, വൈസ് ചെയര്‍മാന്‍ ശ്രീ ആന്റണി പാലിമറ്റം, സെക്രട്ടറി ഡോ. ജോജു കോക്കാട്ട്, ജോയിന്റ് സെക്രട്ടറി ശ്രീ ജോസഫ് പന്തപ്ലാക്കല്‍ തുടങ്ങിയവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. സമാനകതളില്ലാത്ത ഒരു ബൈബിള്‍ പഠനകളരിയായി ലോഗോസ് ക്വിസ് ആഗോളസഭയില്‍ മാറിയിരിക്കുകയാണെന്ന് KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഏകദേശം അഞ്ചുലക്ഷത്തില്‍പരം ആളുകള്‍ ബൈബിള്‍ പഠനത്തിനായി ഒരുമിച്ച് ഒരേ സയമം പങ്കെടുക്കുന്ന ബൈബിള്‍ ശുശ്രൂഷ ലോകത്തൊരു സ്ഥലത്തും കണ്ടെത്താനാകില്ലയെന്ന് റോമിലെ കാത്തലിക് ബിബ്‌ളിക്കല്‍ ഫെഡറേഷന്‍ സെക്രട്ടറി ഡോ. ജാന്‍ സ്റ്റെഫാനോ അഭിപ്രായപെട്ടു.
2000 ത്തില്‍ ആരംഭിച്ച് 2025ല്‍ ലോഗോസ് ക്വിസിന്റെ ജൂബിലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരത്തിലൊരു ബൈബിള്‍ ശുശ്രൂഷ ആഗോളസഭയെ വിസ്മയിപ്പിക്കുന്നുണ്ട്. പഴയമിയമത്തിലേയും പുതിയനിയമത്തിലേയും നാലുപുസ്തകങ്ങളില്‍നിന്ന് മൊത്തം 1000വാക്യങ്ങളുള്ള വചനഭാഗമാണ് ഓരോ വര്‍ഷത്തിലും പഠനഭാഗമായി നല്കി വരിക.
ഉത്പത്തി പുസ്തകം മുതല്‍ വെളിപാട് ഗ്രന്ഥം വരെയുള്ള 73 പുസ്തകങ്ങള്‍ പലവര്‍ഷങ്ങളിലൂടെ ആഴത്തില്‍ പഠിക്കുക എന്നതാണ് ലോഗോസിന്റെ ലക്ഷ്യം. പത്ത് വയസ്സുള്ള കൊച്ചു കുട്ടി മുതല്‍ നൂറോ അതിനു മുകളിലോ പ്രായമുള്ളവര്‍വരെ പ്രായഭേദമെന്യേ ഈ ബൈബിള്‍ ശുശ്രൂഷയില്‍ ഒരേ സമയം പങ്കുകാരാകുന്നു എന്നുള്ളത് ലോഗോസിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. കുടുംബങ്ങളും ഭിന്നശേഷിക്കാരും ഈ ബൈബിള്‍ മാമാങ്കത്തില്‍ പങ്കുകാരാകുന്നു എന്നുള്ളത് ലോഗോസിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ആയതിനാല്‍ കൊച്ചുകുട്ടികളും യുവജനങ്ങളും മധ്യവയസ്‌കരും പ്രായമായവരും കുടുംബങ്ങളും ഭിന്നശേഷിക്കാരും ഒരേസമയം ബൈബിള്‍ പഠനത്തിനായി ഒരുങ്ങി പങ്കെടുക്കുന്ന ലോഗോസ് ക്വിസ് കേരള കത്തോലിക്ക സഭക്ക് അഭിമാനം നല്കുന്ന ദൈവവചനശുശ്രൂഷയാണ്.
ബൈബിളിനോടുള്ള, ദൈവവചനത്തോടുള്ള സ്നേഹം ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന മാര്‍പാപ്പമാരുടെ ഉദ്ബോധനം കേരളസഭയിലെ ലോഗോസ് ക്വിസ് പോലെയുള്ള ബൈബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്കുന്നു. 2000-ാം ആണ്ടില്‍ ഫാ. ഫിലിപ്പ് തയ്യില്‍ ഢഇ ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ആയിരിക്കുമ്പോഴാണ് കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി ലോഗോസ് ക്വിസ് ആരംഭിക്കുന്നത്. 2007ല്‍ സൈറസ് വേലംപറമ്പില്‍ അച്ചന്റെ കാലത്താണ് ലോഗോസ് പ്രതിഭാപട്ടം ആരംഭിച്ചത്. പ്രതിഭയ്ക്കായി പാലയ്ക്കല്‍ തോമ മല്‍പ്പാന്‍ മെമ്മോറിയല്‍ ട്രോഫി ഏര്‍പ്പെടുത്തിയത് പാലയ്ക്കല്‍ കുടുംബയോഗം ആയിരുന്നു. ലോഗോസിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകള്‍ ആഗോളസഭയുടെ ബൈബിള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റു ചെയ്യുന്ന കാത്തലിക് ബിബ്ലിക്കല്‍ ഫെഡറേഷന്റെ ഔദ്യോഗിക മാസികയില്‍ പ്രസിദ്ധീകരിക്കാനും പരിശുദ്ധ പിതാവിന്റെ കൈകളില്‍ ലോഗോസ് ക്വിസ് റിപ്പോര്‍ട്ട് എത്തിക്കാനും നമുക്കു കഴിഞ്ഞു.
ദൈവവചനം പ്രഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അതിസുന്ദര മാര്‍ഗമായ ലോഗോസ് ക്വിസിന്റെ ജൂബിലി വര്‍ഷത്തില്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ നമ്മള്‍ ദൈവസന്നിധിയില്‍ ആയിരിക്കേണ്ടതുണ്ട്. ഇതിനോട് വിവിധ രീതികളില്‍ സഹകരിക്കുന്ന ലക്ഷക്കണക്കിനു മനുഷ്യരോട് കൃതജ്ഞത അറിയിക്കുന്നു. 2000ല്‍ സ്വതന്ത്രമായി ഇതു നടത്താന്‍ KCBC തീരുമാനമെടുക്കുന്നതിനു മുന്നേ 'ബിബ്ലോസ്' എന്ന പേരില്‍ ഒരു ബൈബിള്‍ ക്വിസ് ചെറുപ്പക്കാരായ ചില അല്മായര്‍ ചേര്‍ന്ന് വിപുലമായ രീതിയില്‍ കേരളത്തില്‍ സംഘടിപ്പിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കാതെ വയ്യാ. കൂടുതല്‍ ഉണര്‍വോടെ, കൂടുതല്‍ സര്‍ഗാത്മകതയോടെ, കൂടുതല്‍ സമകാലികതയോടെ, ലോഗോസ് ക്വിസ് മുന്നേറുവാനുള്ള പരിശ്രമങ്ങളിലാണ് ബൈബിള്‍ സൊസൈറ്റി.