നവീന സൗകര്യങ്ങളുമായി നവതിയുടെ നിറവിലേക്ക് അങ്കമാലി എല്‍ എഫ്

നവീന സൗകര്യങ്ങളുമായി നവതിയുടെ നിറവിലേക്ക് അങ്കമാലി എല്‍ എഫ്
Published on

അങ്കമാലി: നവതിയാഘോഷങ്ങളിലേക്കു കടക്കുന്ന അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലില്‍, രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള ഏതാനും അത്യാധുനിക സൗകര്യങ്ങള്‍ കൂടി സ്ഥാപിക്കുന്നു. LiFIRRIS (ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റേഡിയോളജി റിസേര്‍ച്ച് ആന്‍ഡ് ഇമേജിങ് സയന്‍സസ്) എന്ന റേഡിയോളജി ഡിപ്പാര്‍ട്‌മെന്റാണ് ഇതില്‍ പ്രധാനം.

അത്യാധുനിക റേഡിയോളജി സംവിധാനങ്ങള്‍ കോടികള്‍ മുടക്കി ഈ നവതി വര്‍ഷത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു.

1936 ഫെബ്രുവരി 9 ന് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രമായിട്ടാണ് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നത്.

1961-ല്‍ ആശുപത്രിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നേഴ്‌സിങ് സ്‌കൂളും 1964-ല്‍ പിന്നീട് ആഗോള പ്രശസ്തമായ നേത്രചികിത്സ വിഭാഗവും 1970-ല്‍ ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ആദ്യ നേത്രബാങ്കും ഇവിടെ പ്രവര്‍ത്തനം തുടങ്ങി. ആധുനിക ഹൃദ്‌രോഗ ചികിത്സകള്‍ക്കുള്ള (ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പടെ) ലിറ്റില്‍ ഫ്‌ളവര്‍ ഹാര്‍ട്ട് കെയര്‍ സെന്റര്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടു.

കേരളത്തിലെ രണ്ടാമത്തെ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചത് ഇവിടെയാണ്. നവതി വര്‍ഷത്തില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കും. വിഷചികിത്സയ്ക്കു പണ്ടേ പേരുകേട്ട ഈ ആശുപത്രി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള വിഷചികിത്സ ഗവേഷണ കേന്ദ്രം കൂടിയാണ്.

NABH അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എല്‍ എഫില്‍ 28 ചികിത്സാവിഭാഗങ്ങളുണ്ട്.

24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ 25 ഓപ്പറേഷന്‍ തിയറ്ററുകളും. 33 കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടി നവതിയോടനുബന്ധിച്ചു ആരംഭിച്ച 'എമര്‍ജന്‍സി ആന്‍ഡ് ട്രോമാ കെയര്‍ വിഭാഗം' ഏതൊരു അടിയന്തര സാഹചര്യവും നേരിടാന്‍ സുസജ്ജമാണ്. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള ത്തിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്‌നര്‍ കൂടിയായ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് കൂനമ്മാവില്‍ ഒരു അനെക്‌സ് ഹോസ്പിറ്റലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു വിഷന്‍ സെന്ററുകളുമുണ്ട്.

നവതിക്കു മുന്നോടിയായി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയോടനുബന്ധിച്ചു, ഏഴാറ്റുമുഖത്തു 'എല്‍ എഫ് സൗരഭ്യ' എന്ന പേരില്‍ യോഗ-ആയുര്‍വേദ-പ്രകൃതിചികിത്സ സൗകര്യങ്ങളോടെ വെല്‍നെസ്സ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

മെഡിക്കല്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളിലായി ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ മുതല്‍ പി എച്ച് ഡി വരെയുള്ള വിദ്യാഭ്യാസ പ്രോഗ്രാമുകളിലായി ആശുപത്രിയുടെ അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു.

നവതിയോടനുബന്ധിച്ചു പൊതുജനങ്ങള്‍ക്കായി സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി സൗജന്യ ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.

നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം മാര്‍ച്ച് 29 ന് ഉച്ചകഴിഞ്ഞു 3.00 ന് നേഴ്‌സിങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കൊച്ചി മെട്രോ എം ഡി, ലോക്‌നാഥ് ബെഹ്‌റ ഐ പി എസ് നിര്‍വഹിക്കും.

ബിഷപ്പ് മാര്‍ തോമസ് ചക്യത്ത് അധ്യ ക്ഷത വഹിക്കുന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, അസി. ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് പാലാട്ടി, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, ഫാ. എബിന്‍ കളപ്പുരക്കല്‍, മെഡിക്കല്‍ സുപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, മുന്‍ ഡയറക്ടര്‍മാര്‍, മുന്‍ മെഡിക്കല്‍ സൂപ്രണ്ടുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org