എല്‍ എഫില്‍ വജ്രജൂബിലി, സ്ഥാപക ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം: ഒക്ടോബര്‍ 25 ന്

എല്‍ എഫില്‍ വജ്രജൂബിലി, സ്ഥാപക ദിന ആഘോഷങ്ങളുടെ ഉദ്ഘാടനം: ഒക്ടോബര്‍ 25 ന്
Published on

അങ്കമാലി : ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഫ്താല്‍മോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗവും ഒക്ടോബര്‍ 25 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിന് നഴ്‌സിങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും,

ഡയറക്ടര്‍ ഫാ ജേക്കബ് ജി പാലക്കാപ്പിള്ളി സ്വാഗതമോതും. ഗവേഷണ നിര്‍ണ്ണയ മേഖലയിലെ എല്ലാ ആധുനിക സൗകര്യങ്ങളും കൂടുതല്‍ വിശാലമായ രീതിയില്‍ നവീകരിച്ച ലാബ്, ലിറ്റില്‍ ഫ്‌ളവര്‍ ഡയഗണോസ്റ്റിക് ആന്‍ഡ് റിസര്‍ച്ച് സെന്റിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാള്‍ ഫാ ആന്റോ ചേരാന്തുരുത്തി നിര്‍വഹിക്കും. സെന്റ് ജോര്‍ജ് ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. എബിന്‍ കളപ്പുരക്കല്‍, ബെന്നി ബെഹനാന്‍ എം പി, റോജി എം ജോണ്‍ എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, നേത്രചികിത്സ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, വാര്‍ഡ് മെമ്പര്‍ സാജു നെടുങ്ങാടന്‍ എന്നിവര്‍ പ്രസംഗിക്കും. നേത്രവിഭാഗത്തില്‍ 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവരെ, വിരമിച്ചവര്‍ ഉള്‍പ്പടെ ചടങ്ങില്‍ ആദരിക്കും.

1964 ല്‍ ആണ് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ നേത്ര ചികിത്സ തുടങ്ങിയത്. ഡോ എം എസ് ശുക്ല ആയിരുന്നു ആദ്യ ഡോക്ടര്‍. 1969 ല്‍ ആണ് ഡോ. എസ് ടോണി ഫെര്‍ണാണ്ടസ്സ് ലിറ്റില്‍ ആശുപത്രിയില്‍ എത്തിയത്. 1970 ല്‍ ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ആദ്യ നേത്ര ബാങ്ക് ഇവിടെ സ്ഥാപിക്കപ്പെട്ടു. ആദ്യ കണ്ണുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കണ്ണിനകത്തു ലെന്‍സ് വച്ചുള്ള സംസ്ഥാനത്തെ ആദ്യ ശസ്ത്രക്രിയ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആദ്യ നേത്ര രക്ഷാപദ്ധതി, എന്നിവ കേരളത്തില്‍ ആദ്യം നടപ്പില്‍ വരുത്തി. സൗജന്യ നേത്ര ചികിത്സാക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചു.

ഒടുവില്‍ 2008 ല്‍ ഈ രംഗത്തെ നേട്ടങ്ങള്‍ക്ക് രാജ്യം ഡോ എസ് ടോണി ഫെര്‍ണാണ്ടസിനു പത്മശ്രീ നല്‍കി ആദരിച്ചത് ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കുള്ള അംഗീകാരം കൂടിയായി. 1982 ല്‍ ആശുപത്രിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി നേത്ര ചികിത്സ വിഭാഗം സി ബി എം ഒഫ്താല്‍മിക് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ നാല് നിലകളുള്ള പ്രത്യേക കെട്ടിടത്തിലേക്ക് മാറി. സംസ്ഥാനത്ത് ആദ്യ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, കണ്ണിനകത്ത് ലന്‍സ് വച്ചുള്ള ശസ്ത്രക്രിയ, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സൗജന്യ നേത്രരക്ഷാ പദ്ധതി എന്നിവ കേരളത്തില്‍ ആദ്യം നടപ്പില്‍ വരുത്തിയത് ഇവിടെയാണ്. 2012 ല്‍ എട്ടു നിലകളുള്ള പുതിയ ബഹുനില കെട്ടിടത്തിലേക്ക് നേത്ര ചികിത്സാകേന്ദ്രം മാറി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org