ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പുതിയ ലോഗോയുടെ പ്രകാശനം മെയ് 12 ന് ബെന്നി ബഹന്നാൻ എം.പി നിർവഹിക്കുമെന്ന് ഡയറക്ടർ ഫാ.ഡോ. ജോയ് അയിനിയാടൻ അറിയിച്ചു. ഉച്ചകഴിഞ്ഞു 2 .30 ന് മദർ തെരേസ ബ്ലോക്കിൻറെ നടുമുറ്റത്ത് നടക്കുന്ന ചടങ്ങിൽ എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. വർഗ്ഗീസ് പൊട്ടയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. 86 വർഷം മുൻപ് രൂപം കൊടുത്തതാണ് പഴയ ലോഗോ, ഇതിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി രോഗി പരിചരണത്തിന് ഊന്നൽ നൽകി, കാരുണ്യത്തിൻറെ സൗരഭ്യം എന്ന മുദ്രാവാക്യവും, കരുതലിലൂടെ സൗഖ്യം എന്ന ആപ്തവാക്യവും കൂട്ടിച്ചേർത്താണ് പുതിയ ലോഗോ പ്രകാശിതമാകുന്നതെന്ന് ഡയറക്ടർ അറിയിച്ചു.
മൗലിക മൂല്യങ്ങളായ വിവേകം, ധൈര്യം, ആത്മസംയമനം, നീതിബോധം എന്നിവയെ പ്രതിനിധീകരിക്കുന്ന നാലു തളിരിലകളാണ് ലോഗോയിലെ മുഖ്യ ഘടകം. ഇവയുടെ നടുക്ക് ആത്മസമർപ്പണത്തിൻറെ പ്രതീകമായി ഒരു നറുപുഷ്പം പോലെ വെള്ള കുരിശ് സ്ഥാനം പിടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർവ്വവ്യാപിയായ ഈശ്വരൻറെ സാന്നിധ്യം രോഗിയിൽ കണ്ടെത്താനും, രോഗി ശ്രുശൂഷയും, ആത്മീയ ശ്രുശൂഷയും ഒന്നാണെന്ന തിരിച്ചറിവും, അനുഭവവും ഒരേസമയം ആരോഗ്യ പ്രവർത്തകർക്കും, ഇവരുടെ സേവനം സ്വീകരിക്കുന്നവർക്കും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തെ സാധൂകരിക്കുന്ന രീതിയിലാണ് പുതിയ ലോഗോ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എൽ.എഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ഡോ. ജോയ് അയിനിയാടൻ അധ്യക്ഷതവഹിച്ച യോഗത്തിൽ വികാരി ജനറാൾ ഫാ.ഡോ. വർഗ്ഗീസ് പൊട്ടയ്ക്കൽ, ജോയിൻറ് ഡയറക്ടർ ഫാ.തോമസ് വാളൂക്കാരൻ, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ വർഗ്ഗീസ് പാലാട്ടി, ഫാ. റോക്കി കൊല്ലംകുടി, ജനറൽ മാനേജർ ജോസ് ആൻ്റണി, മെഡിക്കൽ സൂപ്രണ്ട് ഡോ.സ്റ്റിജി ജോസഫ് എന്നിവർ പ്രസംഗിക്കും.