
അങ്കമാലി : ദേശീയ നേത്രദാന പക്ഷാചരണത്തിൻറെ ആരംഭത്തോടനുബന്ധിച്ച് കേരള ഐ ബാങ്ക് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ എൽ.എഫ് ആശുപത്രിയിൽ, നേത്രദാന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ ആദരിച്ചു. നേത്രദാന രംഗത്തെ വെല്ലുവിളികളും പ്രതിസന്ധികളും ചർച്ച ചെയ്ത് പരിഹാര മാർഗ്ഗങ്ങൾക്ക് രൂപം കൊടുത്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം നടനും, സംവിധായകനുമായ മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. നേത്രദാന രംഗത്ത് മികവ് തെളിയിച്ച സന്നദ്ധ പ്രവർത്തകർക്കും, സംഘടനകൾക്കും ചടങ്ങിൽ പ്രശംസാ ഫലകം സമ്മാനിച്ചു.വിൻസെന്റ് ഡീപോൾ സൊസൈറ്റി, മാള, റോയൽ ട്രാക്ക് കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി,കൊരട്ടി, സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ചർച്ച്, പള്ളിക്കര, വിൻസെന്റ് ഡീപോൾ സൊസൈറ്റി വാടാനപ്പിള്ളി, നല്ല സമരിയൻ, കുറ്റിക്കാട്, വിൻസെന്റ് ഡീപോൾ സൊസൈറ്റി,പുതുക്കാട്, കനിവ് പാലിയേറ്റീവ് കെയർ, പറവൂർ, വിൻസെന്റ് ഡീപോൾ സൊസൈറ്റി, ഉറക്കാട്, ഡീപോൾ ചാരിറ്റബിൾ ട്രസ്റ്റ്, മണ്ണുത്തി, വിൻസെന്റ് ഡീപോൾ സൊസൈറ്റി, വെണ്ണൂർ, വിൻസെന്റ് ഡീപോൾ സൊസൈറ്റി, ചൂണ്ടി, ദർശന സഭ, മണലൂർ, വ്യാപാര വ്യവസായി ഏകോപന സമിതി, കല്ലേറ്റുംകര, എന്നീ സംഘടനകളും, സന്നദ്ധപ്രവർത്തകരായ പൗലോസ് താഴേക്കാട്, ബെന്നി കണ്ടശാംകടവ്, പൗലോസ് പുത്തൻചിറ എന്നിവരും പുരസ്‌കാരത്തിന് അർഹരായി. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ജോയ് അയിനിയാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിറ്റന്റ് ഡയറക്ടറും, നേത്രബാങ്ക് ജനറൽ സെക്രട്ടറിയുമായ ഫാ.വർഗ്ഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ.ഹിൽഡ നിക്സൺ, നേത്രബാങ്ക് ട്രെഷറർ ഡോ.തോമസ് ചെറിയാൻ, ദേശീയ അന്ധത നിവാരണ ബോർഡ് ജില്ലാ കോർഡിനേറ്റർ സുജാതപി.വി, നേത്രബാങ്ക് വോളണ്ടിയർമാരായ പോൾ ജി തോമസ്, ഏഞ്ചൽസ് എം.പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നൂറോളം പേർ സംബന്ധിച്ചു.