മംഗലപ്പുഴ സെമിനാരിയിലെ അൽമായ ധ്യാനം 108–ാം വർഷത്തിലേക്ക്

മംഗലപ്പുഴ സെമിനാരിയിലെ അൽമായ ധ്യാനം 108–ാം വർഷത്തിലേക്ക്

ആലുവ: വിശുദ്ധ വാരത്തിൽ മംഗലപ്പുഴ സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തി വരുന്ന അൽമായ ധ്യാനം നൂറ്റി എട്ടു വർഷം പൂർത്തിയാക്കുന്നു. എല്ലാ വർഷവും ഈസ്‌റ്റർ നോമ്പുകാലത്തിലെ അവസാന ബുധനാഴ്‌ച വൈകുന്നേരം ആരംഭിച്ച് ശനിയാഴ്‌ച ഉച്ചയ്ക്കു ശേഷം അവസാനിക്കുന്ന രീതിയിലാണ് പരമ്പരാഗത രീതിയിലുള്ള ഈ ധ്യാനം സംഘടിപ്പിക്കുന്നത്.

1915–ൽ എറണാകുളം സെന്‍റ് ആൽബർട്‌സ് സ്‌കൂളിൽ ആണ് അൽമായ ധ്യാനം ആരംഭിച്ചത്. വരാപ്പുഴ പുത്തൻ പള്ളിയിൽ നിന്ന് മംഗലപ്പുഴയിലേക്ക് വൈദിക സെമിനാരി മാറ്റി സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ 90 വർഷങ്ങളായി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്. മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷിക്കുന്ന ഈ വർഷം, അൽമായ ധ്യാനത്തിന്റെ മംഗലപ്പുഴയിലെ നവതി കൂടിയാണ് എന്ന പ്രത്യേകതയുമുണ്ട്.

സലേഷ്യൻ വൈദികനായ റവ. ഡോ. അലക്സ് കളത്തിക്കാട്ടിൽ ആണ് ഏപ്രിൽ 13, ബുധനാഴ്‌ച വൈകിട്ട് ആരംഭിക്കുന്ന ഈ വർഷത്തെ ധ്യാനം നയിക്കുന്നത്. പൂർണമായും ഇംഗ്ലീഷിൽ ഉള്ള ധ്യാനം പുരുഷന്മാർക്കു വേണ്ടിയാണ് നടത്തുന്നത്. ധ്യാനത്തിൽ സംബന്ധിക്കുന്ന എല്ലാവർക്കും താമസിക്കുവാനായി സെമിനാരിയിൽ പ്രത്യേകം മുറികൾ സജ്‌ജമാക്കിയിട്ടുണ്ട്.

നിത്യ ജീവിതത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, ആലുവാ പുഴയുടെ തീരത്തുള്ള മംഗലപ്പുഴ സെമിനാരിയുടെ ശാന്തമായ അന്തരീക്ഷത്തില്‍ വിശുദ്ധവാര ദിനങ്ങള്‍ ചെലവഴിക്കുവാന്‍ ന്യായാധിപന്മാര്‍, മന്ത്രിമാര്‍, ഡോക്ടര്‍മാര്‍, അധ്യാപകർ, വ്യവസായികൾ തുടങ്ങി സമൂഹത്തിലെ നാനാ തുറയില്‍ നിന്നുമുള്ളവർ ഇവിടെ എത്തിച്ചേരാറുണ്ട്.

സെമിനാരി റെക്ടർ വെരി റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, റവ. ഫാ. തോമസ് പെരിയപ്പുറം, ഗോവ പോർട്ട് ചെയർമാനായിരുന്ന ഡോ. ജോസ് പോൾ, കേരള സംസ്ഥാന പ്രൊഡക്റ്റിവിറ്റി കൗൺസിൽ ഡയറക്ടർ എ പി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോൾ ധ്യാനം സംഘടിപ്പിക്കുന്നത്.

ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ പത്തിനു മുമ്പ് https://bit.ly/Mangalapuzha എന്ന ഓൺലൈൻ ലിങ്കിൽ രെജിസ്റ്റർ ചെയ്യുക. ഓൺലൈൻ രെജിസ്ട്രേഷന്‍ നടത്തുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ധ്യാന കമ്മറ്റി ട്രഷറർ പി എ സേവ്യറിനെ 98462 07796 എന്ന നമ്പറിൽ ബന്ധപ്പെട്ട് സീറ്റുകൾ ബുക് ചെയ്യാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org