
കാവുംകണ്ടം: ലോക നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കടനാട് ഹെല്‍ത്ത് സെന്ററിലെ എല്ലാ നേഴ്‌സുമാര്‍ക്കും ആദരമര്‍പ്പിച്ചു. രാവും പകലും വിശ്രമമില്ലാതെ സ്‌നേഹവും കരുണയും പരിചരണവും മാനവരാശിക്ക് നല്‍കുന്ന മാലാഖമാരാണ് നേഴ്‌സുമാര്‍ എന്ന് വികാരി ഫാ. സ്‌കറിയ വേകത്താനം പ്രസ്താവിച്ചു. നേഴ്‌സിംഗ് രംഗത്ത് മലയാളികളുടെ പങ്ക് നിസ്തുലമാണ്. രാജ്യത്തെ നേഴ്‌സുമാരില്‍ 39% മലയാളികളാണ്. ഈ നാട്ടിലെ സമ്പദ്‌വ്യവസ്ഥയും കുടുംബ വളര്‍ച്ചയ്ക്കും നേഴ്‌സുമാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. കോവിഡ് കാലത്തും നിപ്പ വൈറസ് സമയത്തും ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സേവനം ലോകത്തിന് വിസ്മരിക്കാനാവുന്നതല്ല, ഫാ. സ്‌കറിയ വേകത്താനം ഓര്‍മ്മപ്പെടുത്തി. നിപ്പ വൈറസ് ബാധിച്ച് 2018 മെയ് 21-ന് മരണ മടഞ്ഞ പേരാമ്പ്ര സ്വദേശിനി ലിനിക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരണമടഞ്ഞ ഡോക്ടര്‍ വന്ദനയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സമ്മേളനത്തില്‍ മാതൃവേദി യൂണിറ്റ് പ്രസിഡന്റ് കൊച്ചുറാണി ജോഷി ഈരൂരിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ വിവേക് മാത്യു ആമുഖ പ്രഭാഷണം നടത്തി. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ബീന സാമുവേല്‍, സുപ്രിയ തങ്കച്ചന്‍, ഷൈബി തങ്കച്ചന്‍ താളനാനിക്കല്‍, വത്സമ്മ രാജു അറക്ക കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കടനാട് ഹെല്‍ത്ത് സെന്ററില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ നേഴ്‌സുമാര്‍ക്കും വികാരി ഫാ. സ്‌കറിയ വേകത്താനം ഉപഹാരം നല്‍കി ആദരിച്ചു. ഡോക്ടര്‍ വിവേക് മാത്യു കേക്ക് മുറിച്ച് വിതരണം ചെയ്തു. സമ്മേളനത്തില്‍ ക്വിസ് മത്സരം നടത്തി. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ലിസി ഷാജി കോഴിക്കോട്ട്, ലില്ലിക്കുട്ടി ജോസഫ് പീടികയ്ക്കല്‍, ഫിലോമിന കുമ്പളാങ്കല്‍, രാജി, ജെയ്‌മോള്‍, ബിന്ദു, ഗ്രേസി, നിര്‍മ്മല, ജോബി, സാലിമോള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.