ഡോ. പോള്‍ തേലക്കാട്ടിനു യാത്രയയപ്പും ആത്മകഥ പ്രകാശനവും

ഡോ. പോള്‍ തേലക്കാട്ടിനു യാത്രയയപ്പും ആത്മകഥ പ്രകാശനവും

സത്യദീപത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകളിലായി 37 വര്‍ഷം സേവനം ചെയ്ത ശേഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന ഫാ. പോള്‍ തേലക്കാട്ടിന് എറണാകുളം നഗരം ആശംസകളര്‍പ്പിച്ചു. ദീപ്തം എന്ന പേരില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ നിരവധി സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാ. തേലക്കാട്ടിന്റെ ആത്മകഥയായ 'കഥാവശേഷം' ചടങ്ങില്‍ പ്രകാശനം ചെയ്തു.

കിഴക്കന്‍ ചേരാനല്ലൂരില്‍1 949 ല്‍ ജനിച്ച ഫാ. പോള്‍ തേലക്കാട്ട് 1974 ലാണ് എറണാകുളം അതിരൂപത വൈദീകനായി പൗരോഹിത്യം സ്വീകരിച്ചത്. ബെല്‍ജിയം, ലുവൈന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി. 1986 ല്‍ സത്യദീപം വാരികയുടെ പത്രാധിപരായി നിയമിക്കപ്പെട്ടു. 18 വര്‍ഷം വാരികയെ നയിച്ചു. 2004 ല്‍ സത്യദീപം ഇംഗ്ലീഷ് പതിപ്പായ ലൈറ്റ് ഓഫ് ട്രൂത്ത് ദ്വൈവാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. മലയാളത്തിലെ പ്രമുഖ വാരികകളിലും പത്രങ്ങളിലും അനേകം ലേഖനങ്ങളെഴുതി. സമകാലികമലയാളം വാരികയില്‍ 'വേദശബ്ദം' എന്ന പംക്തി നിരവധി വര്‍ഷങ്ങള്‍ എഴുതി. വിവിധ സെമിനാരികളില്‍ അധ്യാപനം നിര്‍വഹിച്ചു. വൈദീകരുടെയും വൈദീകവിദ്യാര്‍ത്ഥികളുടെയും ഒട്ടേറെ ധ്യാനങ്ങള്‍ നയിച്ചു. കേരളത്തിലും പുറത്തും എണ്ണമറ്റ പ്രഭാഷണങ്ങള്‍ നടത്തി. 15 വര്‍ഷം സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവായും സേവനം ചെയ്തു. ഏതാനും നോവലുകള്‍ ഉള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നു ഔപചാരികസേവനത്തില്‍ നിന്നു വിരമിക്കുന്ന ഫാ. തേലക്കാട്ട് കറുകുറ്റി എടക്കുന്നിലുള്ള സെന്റ് പോള്‍ വൈദീകമന്ദിരത്തില്‍ താമസിച്ച്, സാഹിത്യജീവിതം തുടരും.

ദീപ്തം സമ്മേളനം പ്രൊഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ അധ്യക്ഷനായിരുന്നു. ആത്മകഥ, 'കഥാവശേഷം' വിജയലക്ഷ്മി പ്രകാശനം ചെയ്തു. ജോണി ലൂക്കോസ് പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. എം തോമസ് മാത്യു പുസ്തകം പരിചയപ്പെടുത്തി. ഫാ. കുര്യാക്കോസ് പുത്തന്‍മാനായില്‍, ടി എം എബ്രഹാം, എം വി ബെന്നി, ഫാ. ജസ്റ്റിന്‍ കൈപ്രന്‍പാടന്‍, ഫാ. മാത്യു കിലുക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പോള്‍ തേലക്കാട്ട് മറുപടി പ്രസംഗം നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org