പ്രളയ ബാധിതര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

Kottayam Social Service Society distributes food kits to flood victims
Published on

കോട്ടയം: പ്രളയ ദുരിതം നേരിട്ട കോട്ടയം ആലപ്പുഴ ജില്ലകളിലെ ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സെസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത ഭക്ഷ്യകിറ്റുകളുടെ ആദ്യ ഘട്ടത്തിന്റെ വിതരണോദ്ഘാടനം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു.

ചുറ്റുമുള്ള പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കുവാന്‍ സാമൂഹത്തിന് കൂട്ടുത്തരവാദിത്വമുണ്ടെന്നും അത്തരം ചേര്‍ത്തു പിടിക്കലുകളും കരുതലുകളുമാണ് സമൂഹത്തില്‍ നന്മയുടെ പുതുവെളിച്ചം പകരുന്നതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍ നക്ഷത്ര എന്‍. നായര്‍, അനിമേറ്റര്‍ ആന്‍സമ്മ ബിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അരി, പഞ്ചസാര, തേയില, അവല്‍, മുളക് പൊടി, മല്ലി പൊടി, ഗോതമ്പ് പൊടി, റവ, പുട്ട് പൊടി, ഉപ്പ്, കടുക് എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യ കിറ്റുകളാണ് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിന്നായുള്ള 350 പ്രളയ ബാധിത കുടുംബങ്ങള്‍ക്കാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റകുള്‍ വിതരണം ചെയ്യുന്നത്.

logo
Sathyadeepam Online
www.sathyadeepam.org