ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക മാസ്‌ക്കുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ഭിന്നശേഷിയുള്ളവര്‍ക്ക് പ്രത്യേക മാസ്‌ക്കുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബധിര മൂകര്‍ക്കായി ലഭ്യമാക്കുന്ന മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം ഫിസിയോ തെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയിക്ക് മാസ്‌ക്ക് നല്‍കിക്കൊണ്ട് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ബബിത ടി. ജെസ്സില്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഷൈല തോമസ്, സിജോ തോമസ് എന്നിവര്‍ സമീപം.

കോട്ടയം: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബധിരരും മൂകരുമായിട്ടുള്ള ആളുകള്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലിത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാമധേയത്തില്‍ രൂപീകൃതമായിരിക്കുന്ന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷനുമായി സഹകരിച്ച് മാസ്‌ക്കുകള്‍ ലഭ്യമാക്കുന്നു. കേള്‍വി സംസാര ന്യൂനതകള്‍ ഉള്ളവര്‍ക്ക് സഹായകമായിട്ടുള്ള പ്രത്യേക മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്. ചുണ്ടുകളുടെ ചലനങ്ങളിലൂടെ ആശയവിനിമയം മനസിലാക്കിയെടുക്കുവാന്‍ സഹായിക്കത്തക്ക വിധത്തിലാണ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബധിര മൂക നൂനതകളുള്ളവരോട് ആശയവിനിമയം നടത്തുന്നതിന് രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും ഇത്തരം മാസ്‌ക്കുകള്‍ സഹായകരമാണ്. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ബിജു കുമ്പിക്കന്‍ മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ബബിത റ്റി. ജെസ്സില്‍, ഷൈല തോമസ്, ഫിസിയോ തെറാപ്പിസ്റ്റ് ജിങ്കിള്‍ ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ ട്രസ്റ്റ് മെമ്പര്‍ പ്രൊഫ. രമണി തറയിലിന്റെ നേതൃത്വത്തിലാണ് മാസ്‌ക്കുള്‍ നിര്‍മ്മിച്ചത്. ബധിര മൂക ന്യൂനതകള്‍ ഉള്ളവര്‍ക്കായി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വരും ദിനങ്ങളില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്യുമെന്ന് . എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org