കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കോവിഡ് പ്രതിരോധത്തിന് ആയുര്‍വ്വേദ കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

ഫോട്ടോ അടിക്കുറിപ്പ്:  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധത്തിനായി വിതരണം ചെയ്യുന്ന ആയുര്‍വ്വേദ കിറ്റുകളുടെ വിതരണോദ്ഘാടനം കാരിത്താസ് ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെജി കൊച്ചുപറമ്പില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന് കിറ്റ് നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തു നിന്ന്) മേഴ്‌സി സ്റ്റീഫന്‍, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിജോ തോമസ് എന്നിവര്‍ സമീപം.

കോവിഡ് പ്രതിസന്ധിയുടെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്ക് കോവിഡ് പ്രതിരോധത്തിന് സഹായമാകുന്ന ആയുര്‍വ്വേദ കിറ്റുകള്‍ വിതരണം ചെയ്ത്  കരുതലൊരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് ആയുര്‍വ്വേദ കിറ്റ് കെ.എസ്.എസ്.എസ് വിതരണം ചെയ്യുന്നത്. കോവിഡ്മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വാസസ്ഥലം രോഗകാരികളായ അണുക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനും സഹായകമാകുന്ന ഇന്ദുകാന്ത കഷായം, വില്വാദി ഗുളിക, അപരാജിതധൂപചൂര്‍ണ്ണം എന്നിവയടങ്ങുന്ന ആയുര്‍വ്വേദ ഔഷധ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കിറ്റുകളുടെ വിതരണോദ്ഘാടനം കാരിത്താസ് ആയുര്‍വ്വേദ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. റെജി കൊച്ചുപറമ്പില്‍ കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂരിന് ആയുര്‍വ്വേദ കിറ്റ് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കിടങ്ങൂര്‍, മറ്റക്കര, കൂടല്ലൂര്‍, ചെറുകര, മാറിടം, കട്ടച്ചിറ, ഏറ്റുമാനൂര്‍, നീറിക്കാട്, ചേര്‍പ്പുങ്കല്‍, പുന്നത്തുറ എന്നിവിടങ്ങളിലായി കിറ്റുകള്‍ വിതരണം ചെയ്തു. വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് കെ.എസ്.എസ്.എസ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org