
ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, വി.എം. ചാക്കോ, ലൗലി ജോര്‍ജ്ജ്, ബിജു വലിയമല, ജസ്റ്റിന്‍ ലൂക്കോസ്, ആന്‍സമ്മ ബിജു എന്നിവര്‍ സമീപം.
കോട്ടയം: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന നയിറോഷ്‌നി ന്യൂനപക്ഷ നേതൃത്വവികസന പരിശീലന പരിപാടിയ്‌ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വ്വഹിച്ചു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ മുഖ്യധാരാവത്‌ക്കരണത്തിന് നയിറോഷ്‌നി പദ്ധതി വഴിയൊരുക്കുമെന്നും സമഗ്രമായ അറിവുകളിലൂടെയും കാഴ്‌ചപ്പാടുകളിലൂടെയും നേതൃനിരയിലേയ്‌ക്ക് കടന്നുവരുവാനും പദ്ധതിയിലൂടെ വനിതകള്‍ക്ക് കഴിയുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി.എം. ചാക്കോ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ ജസ്റ്റിന്‍ ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 175 വനിതകള്‍ക്ക് ഏഴ് ബാച്ചുകളിലായി വിവിധ വിഷയങ്ങളില്‍ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിന്റെ ഭാഗമായി നേതൃത്വപാടവം, വിദ്യാഭ്യാസ ഉന്നമനം, വ്യക്തിശുചിത്വം, സ്വഛ് ഭാരത്, സാമ്പത്തിക സാക്ഷരത, ജീവിത നൈപുണ്യങ്ങള്‍, നിയമാവകാശം, കമ്പ്യൂട്ടര്‍ സാക്ഷരത, കോവിഡ് -19 പ്രോട്ടോകോള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടത്തപ്പെടുക. ക്ലാസ്സുകള്‍ക്ക് വിദഗ്‌ദ്ധര്‍ നേതൃത്വം നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റൈഫന്റും നല്‍കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനവും മുഖ്യധാരാവത്‌ക്കരണവും ലക്ഷ്യമിട്ടാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കെ.എസ്.എസ്.എസുമായി സഹകരിച്ച് നയിറോഷ്‌നി പദ്ധതി നടപ്പിലാക്കുന്നത് എന്ന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.