
കറുകുറ്റി: അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെയും സംയുക്ത സഹകരണത്തോടെ കറുകുറ്റി സെ. സേവ്യര്‍ ഫൊറോനാ പള്ളിയില്‍ ഫാമിലി യൂണിയന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18 ഞായറാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ നടന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് എല്‍. എഫ്. ആശുപത്രി ഡയറക്ടര്‍ വെ. റവ. ഫാ. ഡോ. ജോയ് അയിനിയാടന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഹൃദ്രോഗം, ശിശുരോഗം, ഇ. എന്‍. ടി, അസ്ഥിരോഗം, നേത്രരോഗം, ദന്തരോഗം, എന്നീ വിഭാഗങ്ങളില്‍ സൗജന്യ പരിശോധനയും മരുന്നുവിതരണവും നടന്ന ക്യാമ്പില്‍ 1200 ലധികം പേര്‍ പങ്കെടുത്തു. ഫൊറോനാ വികാരി വെ. റവ. ഫാ. സേവ്യര്‍ ആവള്ളില്‍ അധ്യക്ഷനായി ചേര്‍ന്ന പ്രാരംഭ സമ്മേളനത്തില്‍ ഫാ. ജെസ്‌ലിന്‍ സ്വാഗതം പറഞ്ഞു, എല്‍. എഫ്. അസി. ഡയറക്ടര്‍ ഫാ. തോമസ് വാളൂക്കാരന്‍ ആമുഖപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ പി പി ജോസ് മുഖ്യപ്രഭാഷണവും, കറുകുറ്റി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാര്‍ ക്ലിനിക് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. എല്‍. എഫ്. സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജോസഫ് കെ. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിജി ജോയ്, വാര്‍ഡ് മെമ്പര്‍മാരായ മിനി ഡേവിസ്, റോസി പോള്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജു വി തെക്കേക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വൈസ് ചെയര്‍മാന്‍ ഷാജു അച്ചിനിമാടന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.
ഇടവകയിലെ കൈക്കാരന്മാരും, കേന്ദ്രസമിതിയും, പാരിഷ് കൗണ്‍സിലും, ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍മാരും, , കെ. സി. വൈ. എം. അംഗങ്ങളും വിവിധ സംഘടനാപ്രവര്‍ത്തകരും ചേര്‍ന്ന് നേതൃത്വം നല്കിയ ക്യാമ്പില്‍ ഈ. സി. ജി, കേള്‍വി പരിശോധന, രക്ത സമ്മര്‍ദ്ദപരിശോധന എന്നിവയ്ക്കും സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
ക്യാമ്പില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കണ്ണടയും, മുഴുവന്‍ പേര്‍ക്കും മരുന്നും സൗജന്യമായി നല്‍കുകയും ക്യാമ്പില്‍ പങ്കെടുത്ത അര്‍ഹരായവര്‍ക്ക് തിമിരത്തിനും മറ്റ് ശസ്ത്രക്രിയകള്‍ക്കും ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്തു. എല്‍. എഫ്. ആശുപത്രിയുടെ മെഡിക്കല്‍ ടീം അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശോധനയും ചികിത്സയുമാണ് ക്യാമ്പില്‍ ലഭ്യമാക്കിയത്.
ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ ക്യാമ്പിലൂടെ നല്‍കുന്ന രണ്ട് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍ധനരായ നൂറ് പേര്‍ക്ക് കണ്ണടയും മരുന്നുകളും നല്‍കുകയും തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.