

പൊന്നുരുന്നി: എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നൈവേദ്യ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കർക്കിടക്കമാസാചരണത്തിനു തുടക്കമായി. സഹൃദയ ഡയറക്ടർ ഫാ. ആൻറണി പുതിയാപറമ്പിലിന്റെ അധ്യക്ഷതയിൽ സഹൃദയ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം അതിരൂപതാ വികാരി ജനറൽ ഫാ. ആന്റോ ചേരാന്തുരുത്തി ഉദ്‌ഘാടനം ചെയ്തു.
ജീവിതശൈലിയും ഭക്ഷണശൈലിയും രോഗകാരണമാകുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യജീവിതത്തെക്കുറിച്ച് ശരിയായ അടിസ്ഥാന കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ നൈവേദ്യ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആയുർവേദ ഉത്പന്നങ്ങളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ്. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
അടുക്കള ആദ്യ വൈദ്യശാല, 'അമ്മ ആദ്യ വൈദ്യൻ എന്ന പരമ്പരാഗത ചിന്ത ഇന്നും പ്രസക്തമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സഹൃദയ ജോയിന്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര,നൈവേദ്യ ചീഫ് മെഡിക്കൽ ഓഫീസർ സിസ്റ്റർ ഡോ. ആൻജോ, കൺസൾട്ടിംഗ് ഫിസിഷ്യൻ ഡോ. സി. അനഘൻ, സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.