കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ് കൂനമ്മാവ് സെ. ജോസഫ് ബോയ്സ് ഹോസ്റ്റലിന്

കൃഷിവകുപ്പിൻ്റെ സംസ്ഥാന അവാർഡ്  കൂനമ്മാവ് സെ. ജോസഫ് ബോയ്സ് ഹോസ്റ്റലിന്

സംസ്ഥാനത്തെ പച്ചക്കറി കൃഷി ചെയ്യുന്ന ഏറ്റവും മികച്ച രണ്ടാമത്തെ സ്വകാര്യ സ്ഥാപനത്തിനുള്ള കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിൻ്റെ പുരസ്ക്കാരം വരാപ്പുഴ അതിരൂപതയുടെ കൂനമ്മാവ് സെ. ജോസഫ് ബോയ്സ് ഹോമിന് . 25000 രൂപയും പ്രശസ്തിപത്രവും ബോയ്സ് ഹോമിന് ലഭിക്കും. ബോയ്സ് ഹോസ്റ്റൽ ഡയറക്റ്റർ ഫാദർ സംഗീത് ജോസഫും ,നാൽപ്പതോളം കുട്ടികളും ചേർന്നാണ് പൊന്നു വിളയിച്ച് പുരസ്കാരം നേടിയത്. കൂനമ്മാവ് St. ഫിലോമിനാസ് ചർച്ച് അങ്കണത്തിലെ 5 ഏക്കർ തരിശു സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറികൾ കൃഷി ചെയ്യുകയായിരുന്നു. മലയാളികളുടെ ഭക്ഷണത്തിൻ്റെ ഭാഗമായ എല്ലായിനം പച്ചക്കറികളും കൂനമ്മാവിൽ വിളയിച്ചു. പച്ചക്കറി കൃഷിക്കു പുറമേ കരനെൽ, ശീതകാല പച്ചക്കറി , മധുരക്കിഴങ്ങ് ,ചെറു ധാന്യങ്ങൾ എന്നിവയും കൃഷി ചെയ്തു. കൂടാതെ കൈതാരം പൊക്കാളി പാടശേഖരത്തിൽ 10 ഏക്കർ പൊക്കാളി നെൽകൃഷി , ഓണക്കാലത്ത് 3 ഏക്കറിൽ പുഷ്പ്പ കൃഷി എന്നിവയും വിജയകരമായി ചെയ്തു.

ഹോസ്റ്റലിലെ ഭക്ഷണത്തിനു ശേഷം ബാക്കി വരുന്ന പച്ചക്കറികൾ കാഷ്യറില്ലാ കടയിലൂടെ ജനങ്ങളിലെത്തിക്കുന്നു. കാഷ്യറില്ലാ കടയിൽ നിന്നും ഇഷ്ടമുള്ള തുകയിട്ട് പച്ചക്കറികൾ എടുക്കാവുന്നതാണ്. വിലവിവരപട്ടികയോ കാഷ്യറോ കടയിൽ കാണില്ല. കാഷ്യറില്ലാകട 300 ദിവസം പിന്നിട്ടിരിക്കുകയാണ്. ബോയ്സ് ഹോം പരിസരത്തെ 4 ഏക്കർ സ്ഥലത്ത് വൃക്ഷായുർവേദ വിധിപ്രകാരമുള്ള പ്രകൃതി കൃഷിയും ചെയ്തു വരുന്നു. ബോയ്സ് ഹോമിലെ കുട്ടികളുടെ പ്രകൃതി കൃഷി കാണുവാൻ കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഇവിടെ എത്തിയിരുന്നു. ഹോസ്റ്റലിലെ കുട്ടികൾ വിളയിച്ച പൊക്കാളി നെല്ലു കുത്തി അരിയാക്കി എൻ്റെ പൊക്കാളി എന്ന പേരിൽ വിപണിയിലിറക്കാൻ കഴിഞ്ഞു. പൊക്കാളി അവൽ ,പുട്ടുപൊടി എന്നിവയും വിപണിയിലെത്തിച്ചു. കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കിയ പദ്ധതി അധിഷ്ഠിത പച്ചക്കറി കൃഷിയും നടന്നു വരുന്നു. ഹോസ്റ്റലിൽ 30 പശുക്കളെ വളർത്തുകയും അമ്പതോളം വീടുകളിൽ പാൽ എത്തിക്കുകയും ചെയ്യുന്നു. കോട്ടുവള്ളി കൃഷിഭവൻ്റെ മേൽനോട്ടത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org