‘കിണര്‍നിറ’യുമായി വിദ്യാര്‍ത്ഥികള്‍

‘കിണര്‍നിറ’യുമായി വിദ്യാര്‍ത്ഥികള്‍

അങ്ങാടിപ്പുറം: മഴവെള്ളം ഒരു തുളളിപോലും പാഴാക്കാതെ കിണറില്‍ ശേഖരിച്ചു വേനല്ക്കാലത്തെ 'വരവേല്ക്കാന്‍' ഒരുങ്ങുകയാണു കിണര്‍നിറ പദ്ധതിയുമായി പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തൃശൂര്‍ മഴപ്പൊലിമയിലെ ചീഫ് ടെക്നീഷ്യന്‍ കെ.എം. രാംദാസിന്‍റെ പരിശീലനം ലഭിച്ച എന്‍എസ്എസ് പ്രവര്‍ത്തകരാണു കിണര്‍ നിറയ്ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ആദ്യം സ്വന്തം സ്കൂളില്‍ തന്നെ കുട്ടികള്‍ പണി തുടങ്ങി. സ്കൂളിന്‍റെ മേല്ക്കൂരയില്‍ വീഴുന്ന വെള്ളം ഒരു തുള്ളിപോലും പാഴാകാതെ പൈപ്പുകള്‍ വഴി ആയിരം ലിറ്ററിന്‍റെ റാപ്പിഡ് സാന്‍ഡ് ഫില്‍ട്ടറിലേക്ക് എത്തിച്ചു. ചുടുകട്ടയും കരിയും ബേബിമെറ്റലും നൈലോണ്‍ വലയുമുള്ള അടരുകളാണു ഫില്‍ട്ടറിലുള്ളത്. ഇതില്‍ നിന്നു പൈപ്പുവഴി സ്കൂളിലെ കിണറിലേക്കു ശുദ്ധജലമെത്തും.

2500 സ്ക്വയര്‍ ഫീറ്റില്‍ 3000 മില്ലിമീറ്റര്‍ മഴ ഒരു വര്‍ഷം പെയ്താല്‍ എട്ടു ലക്ഷം ലിറ്റര്‍ വെള്ളം കിണറിലെത്തുമെന്നും സമീപവീടുകള്‍ക്കും ഇതിന്‍റെ ഗുണം കിട്ടുമെന്നും ടീംക്യാപ്റ്റന്‍ കെ.പി. മുഹമ്മദ് അന്‍സാറും കൂട്ടുകാരും പറഞ്ഞു.

കുട്ടികളുടെ പ്രവര്‍ത്തനം കണ്ടു നാട്ടുകാരും അവരുടെ സേവനം ആവശ്യപ്പെട്ടുകഴിഞ്ഞു. തങ്ങളുടെ ദത്തുഗ്രാമത്തിലേക്കു കിണര്‍നിറയുമായി കടന്നുചെല്ലാനൊരുങ്ങുകയാണു വിദ്യാര്‍ത്ഥികള്‍. വീടുകളിലും സ്ഥാപനങ്ങളിലും റീചാര്‍ജിങ്ങിനു നേതൃത്വം നല്കാനും മാര്‍ഗനിര്‍ദ്ദേശവും പരിശീലനവും നല്കാനും ഈ മിടുക്കര്‍ തയ്യാറാണ്.

സ്കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കൂത്തൂര്‍, പ്രിന്‍സിപ്പല്‍ ബെനോ തോമസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ബെന്നി തോമസ്, അദ്ധ്യാപകരായ മനോജ് കെ. പോള്‍, സി.കെ. മാത്യു, ജയ മാത്യു, സിബി ഓവേലല്‍, സ്കൂള്‍ കമ്മിറ്റി അംഗങ്ങളായ പോള്‍സണ്‍ പുത്തന്‍പുരയ്ക്കല്‍, ജോയ്സി വാലോലിക്കല്‍ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്കുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org