ഡിജിറ്റല്‍ വിജ്ഞാന വ്യവസായരംഗത്തെ വന്‍സാധ്യത കേരളം പ്രയോജനപ്പെടുത്തും: മന്ത്രി ഡോ. തോമസ് ഐസക്

ഡിജിറ്റല്‍ വിജ്ഞാന വ്യവസായരംഗത്തെ വന്‍സാധ്യത കേരളം പ്രയോജനപ്പെടുത്തും: മന്ത്രി ഡോ. തോമസ് ഐസക്

ഫോട്ടോ അടിക്കുറിപ്പ് : കേരള പ0ന ശിബിരത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തുന്നു. സ്റ്റീഫന്‍ ജോര്‍ജ്, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് ജോസഫ് കാരിക്കശ്ശേരി, ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി എന്നിവര്‍ സമീപം.

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതിന്റെ പേരില്‍ കേരളത്തിന് വ്യവസായ രംഗത്ത് സംഭവിച്ച പിന്നോക്കാവസ്ഥ ചുരുങ്ങിയ കാലത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വൈജ്ഞാനിക വ്യവസായത്തിന്റെ നൂതന സാധ്യതകള്‍ സംസ്ഥാനം വന്‍ തോതില്‍ പ്രയോജനപ്പെടുത്തുമെന്നും കിഫ്ബി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ നിര്‍ണായക വഴിത്തിരിവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ നടന്നുവരുന്ന ദ്വിദിന കേരള പ0ന ശിബിരത്തിന്റെ ഉദ്ഘാടനത്തോടനു ബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ധനമന്ത്രി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ0ന ശിബിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ജനക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കിയതിനാല്‍ അടിസ്ഥാന വികസനത്തില്‍ മതിയായ ശ്രദ്ധ ചെലുത്താന്‍ കഴിയാത്തതിന്റെ ദൂഷ്യഫലം കേരളം അനുഭവിക്കുന്നുണ്ട്. അത് മറികടക്കാനുള്ള യത്‌നത്തില്‍ ഏകദേശം 70000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയുടെ കീഴില്‍ പുരോഗമിക്കുന്നത്. സ്‌ക്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതി കൈവരാന്‍ ഇതിനകം ഇതിടയാക്കിയിട്ടുണ്ടെന്ന് ഡോ തോമസ് ഐസക് ചൂണ്ടിക്കാട്ടി. പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളാകും കേരളത്തില്‍ നടപ്പാക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. സംസ്ഥാനത്ത് ഉദ്യോഗത്തിനു പോകാതെ വീട്ടിലിരിക്കുന്ന അഭ്യസ്ത വിദ്യരായ സ്ത്രീകള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസ യോഗ്യത നല്‍കാന്‍ വിപുലമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. വീട്ടിലിരുന്നുള്ള ഡിജിറ്റല്‍ ജോലികള്‍ക്ക് വന്‍ സാധ്യത തെളിഞ്ഞു വന്നിരിക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യം. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് കോര്‍പ്പറേറ്റുകളുടെ ഡിജിറ്റല്‍ വര്‍ക്ക് സെന്ററുകള്‍ കൊണ്ടുവരാനുള്ളതാണ് ഒരു പദ്ധതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനു വഴി തെളിക്കുന്ന 30 മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കും. വിദേശത്തു നിന്നുള്‍പ്പെടെ പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഈ സ്ഥാപനങ്ങളിലൂടെ പുതിയ പേറ്റന്റുകള്‍ രൂപപ്പെടാന്‍ വഴി തെളിയും. അഞ്ചു വര്‍ഷത്തിനകം ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org