To
His Beatitude Mar George Cardinal Alenchery
The President of Major Archiepiscopal Synod &
All the Members of the Synod of Syro Malabar Church
Mount St. Thomas, Kakkanad, Kochi
'Christus viid' എന്ന പ്രബോധനത്തില്‍ മാര്‍പാപ്പ ചില യുവജനങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്.
A Substantial number of young people, for all sorts of reasons, do not ask the church for anything becasus they do not see her as significant for their lives.
എന്നാല്‍ കെ.സി.വൈഎം. എന്ന പ്രസ്ഥാനത്തെ സംബന്ധിച്ച് സഭ എന്നത് ഓരോ പ്രവര്‍ത്തകരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത, വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഇടവകയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നിമിഷങ്ങളെക്കുറിച്ച് സന്തോഷത്തോടെ ഓര്‍ക്കാത്ത ഒരു കത്തോലിക്കാ യുവജനപ്രവര്‍ത്തകരും ഉണ്ടാകില്ല. മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ എല്ലാ ഊര്‍ജ്ജവും ഉള്‍ക്കൊണ്ട് കെ.സി.വൈ.എം. എറണാകുളം അങ്കമാലി മേജര്‍ അതിരൂപത സമിതി സീറോ മലബാര്‍ സിനഡിന് മുന്‍പില്‍, ഈ ആഗസ്റ്റ് മാസത്തില്‍ നടക്കുവാന്‍ പോകുന്ന സിനഡില്‍, ചര്‍ച്ച ചെയ്യപ്പെ ടണം എന്ന ആഗ്രഹത്തോടെ ആവശ്യപ്പെടുന്ന ഏതാനും കാര്യങ്ങള്‍.
1. വിവാഹശേഷമുള്ള യുവതികളുടെ സംഘടന – ഇടവക പ്രവര്‍ത്തനങ്ങള്‍
വിവാഹമെന്ന കൂദാശ വഴി പല തരത്തിലുള്ള മാറ്റങ്ങള്‍ യുവാവിന്റെയും യുവതിയുടെയും കുടുംബജീവിതത്തിലും വ്യക്തിബന്ധങ്ങളിലും വരുന്നുണ്ട് വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ ഇടവകയിലേക്കു മാറുന്ന യുവതികള്‍ക്കാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ നേരിടേണ്ടി വരുന്നത്. വിവാഹം കഴിഞ്ഞ് പുതിയ ഒരു ഇടവകയിലേക്ക് വരുന്നതോടെ, മുന്‍പ് സ്വന്തം ഇടവകയില്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന യുവതികള്‍, പുതിയ ഇടവകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹശേഷം പുതിയ ഇടവകയില്‍ സാമൂഹികമായി ഇടപെടാന്‍ അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നത് വഴി പല മാറ്റങ്ങളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ യുവതികള്‍ക്ക് സാധിക്കും. വിവാഹത്തോടെ യുവതികളുടെ പല കഴിവുകളും സഭയ്ക്കും സമൂഹത്തിനും നഷ്ടമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെപറ്റി സിനഡ് ചര്‍ച്ച ചെയ്യാനും അതില്‍ ഇടപെടാന്‍, മെത്രാന്മാരെയും ഇടവക വൈദീകരെയും പ്രോത്സാഹിപ്പിക്കാനും വേണ്ട നടപടികള്‍ എടുക്കണം.
2. കോവിഡ് മൂലം ഉണ്ടായ വിശ്വാസ പ്രതിസന്ധി
ആചാരാനുഷ്ഠാനങ്ങള്‍ക്ക് അമിതമായി പ്രാധാന്യം കൊടുത്തപ്പോള്‍ യഥാര്‍ത്ഥ വിശ്വാസം കൈമോശം വന്ന് പോയോയെന്ന് കോവിഡ് കാലഘട്ടം നമ്മെ ചിന്തിപ്പിക്കുകയാണ്. കുര്‍ബാനയും കൂദാശകളുമെല്ലാം ഓണ്‍ലൈനായി കണ്ടാലും മതിയെന്ന, സാഹചര്യങ്ങള്‍ക്കനുസരിച്ച് എടുത്ത തീരുമാനം വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോള്‍, യഥാര്‍ത്ഥ വിശ്വാസ ജീവിതത്തെപ്പറ്റി ബോധ്യമുള്ളവര്‍ കോവിഡിന് ശേഷവും തിരികെ ദേവാലയത്തില്‍ ദിവ്യബലിക്കായി എത്തും. അല്ലാത്തവരുടെ അവസ്ഥയെ പറ്റി ഗാഢമായി ചിന്തിക്കണം എന്നു പിതാക്കന്മാരെ ഓര്‍മ്മിപ്പിക്കുന്നു.
3. യുവജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ
യുവജനങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ചുള്ള സര്‍വേ നടക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍.
പഠനത്തിന് വേണ്ടി വിദേശത്തു പോയി, അവിടെ സ്ഥിരതാമസമാക്കുന്നവരെ കുറിച്ച്. നാട്ടില്‍ തന്നെ നില്‍ക്കുന്നവരുടെ എണ്ണവും അവരുടെ തൊഴിലില്ലായ്മയും. വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചവരുടെ കൃത്യമായി വിവരങ്ങള്‍ (വിവാഹിതര്‍, മറ്റു മതങ്ങളി ലേക്കു വിവാഹം ചെയ്തുപോയവര്‍, മറ്റു കത്തോലിക്ക അകത്തോലിക്ക സഭകളിലേക്കു വിവാഹം ചെയ്തു പോയവരുടെ വിശദാംശങ്ങള്‍) ലഭിക്കുന്നതിനായി ഒരു സര്‍വ്വേ നടത്തുന്നതിന് സിനഡ് മുന്‍കൈയെടുക്കണം. അങ്ങനെയുള്ള ഒരു വിശദമായ പഠനം പല മിഥ്യാ ധാരണകളും സമൂഹത്തില്‍ നിന്നും ഒഴിവാക്കാന്‍ സഹായകമാകും.
12 വര്‍ഷം വേദപഠനം നടത്തിയിട്ടും വളരെ ലാഘവത്തോടെ വിശ്വാസം ഉപേക്ഷിച്ച് പോകാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഒരു വിദഗ്ധ ടീമിനെ ഓരോ രൂപതയിലും സജ്ജമാക്കണം. വ്യത്യസ്ത സാഹചര്യങ്ങളിലുള്ള യുവജനങ്ങളുടെ അഭിപ്രായം സ്വീകരി ക്കുന്നതുവഴി, സഭയില്‍ എനിക്കും വ്യക്തമായ സ്ഥാനവും ഉത്തരവാദിത്വവുമുണ്ടെന്ന് യുവജനങ്ങളെ ബോധ്യപ്പെടുത്താനാകും. അഭിപ്രായങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം കിട്ടുന്നുണ്ടെന്ന ബോധ്യം, യുവജനങ്ങളെ വലിയ രീതിയില്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാന്‍ പ്രേരിപ്പിക്കും. കുറവുകള്‍ കണ്ടെത്തി പരിഹരിക്കാനുള്ള ഇടപെടല്‍, യുവജനങ്ങളുടെ ഇടയില്‍, സഭയുടെ വലിയ സ്വാധീനം ഉണ്ടാകാനുപകരിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
4, ലിറ്റര്‍ജി
കെ.സി.വൈ.എം. നടത്തിയ എറണാകുളം അങ്കമാലി അതിരൂപതയിലെ അഭിപ്രായ സര്‍വേയില്‍ നിലവിലുള്ള ജനാഭിമുഖ കുര്‍ബ്ബാന തുടരണമെന്ന അഭിപ്രായം ഉണ്ടായി. എങ്ങോട്ട് അഭിമുഖമായി കുര്‍ബാന വേണമെന്നുള്ള ചര്‍ച്ച ഇനിയും ഉയര്‍ന്ന് വന്ന് പര സ്പരം വിശ്വാസികള്‍ ഏറ്റുമുട്ടാതിരിക്കാന്‍ 2 രീതികളും അംഗീകരിച്ച് ഈ ചര്‍ച്ചകള്‍ അവ സാനിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ചര്‍ച്ചകളില്‍ ഇടപെട്ട് വിലപ്പെട്ട സമയവും ഊര്‍ജ്ജവും പാഴാക്കരുത്. ലിറ്റര്‍ജിയുമായി ബന്ധപ്പെട്ട, വിശ്വാസവും സന്മാര്‍ഗ്ഗവും ആയിട്ടുള്ളവയല്ലാതെ, സഭയുടെ എല്ലാ കാര്യങ്ങളിലും യുവജനങ്ങളുടെ അഭിപ്രായം തേടണം. ആ അഭിപ്രായങ്ങള്‍ സിനഡിന്റെ അഭിപ്രായങ്ങളില്‍ നിന്നും വ്യത്യസ്തമായവ ഉണ്ടെങ്കില്‍, അത് ഒരു വ്യക്തിയുടെ അഭിപ്രായമാണെങ്കില്‍ കൂടിയും, അത് കൃത്യമായി ഇഴകീറി പരിശോധിക്കാന്‍ മുന്‍കൈയെടുക്കണം. അഭിപ്രായ രൂപീകരണം ഇപ്പോള്‍ ഓണ്‍ലൈനായി വളരെ എളുപ്പത്തില്‍ ചെയ്യാനുള്ള സാധ്യതതകളെ ഉപയോഗിക്കാന്‍ മീഡിയ കമ്മീഷനെ ചുമതലപ്പെടുത്തണം. അങ്ങനെ സുതാര്യമായ അഭിപ്രായങ്ങള്‍, വ്യത്യസ്തമായവ ഉള്‍പ്പെടെ, പൊതുസമൂഹത്തിന്റെ മുന്‍പില്‍ ലഭ്യമാക്കണം.
5. Walking together
Walking together എന്ന മാര്‍പാപ്പയുടെ ആശയത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട്, സഭയുടെ നിലപാടുകളെ എതിര്‍ക്കുന്ന ആശയങ്ങളേതെങ്കിലും തരത്തില്‍ വിചിന്തനത്തിന് വിധേയമാകേണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കാന്‍, ആത്മശോധന നടത്താന്‍ ഉള്ള പ്രബോധനങ്ങള്‍ സിനഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണം. അങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരെ വൈദീകര്‍ നേരിട്ട് വിളിച്ച് സംസാരിക്കുകയും, വിഷയത്തിന്റെ ഗൗരവം നോക്കി ആവശ്യമെങ്കില്‍ പിതാക്കന്മാര്‍ ഇടപെടുകയും വേണം. സിനഡിന്റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നവരെ വിളിച്ചിരുത്തി ആശയപരമായ എതിര്‍പ്പുകളെ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യാനുള്ള വേദി അഭിവന്ദ്യ പിതാക്കന്മാര്‍ സമവായത്തിലൂടെയും എതിര്‍പ്പുകള്‍ ഉള്ളവരെ ഒരുമിച്ച് നിര്‍ത്താന്‍ സാധിക്കണം.
6. ഇതരമതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍
നമ്മുടെ യുവജനങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും പഠിക്കുന്ന സ്ഥലങ്ങളിലും ധാരാളം അന്യമതസ്ഥരുണ്ട്. അവരോടൊപ്പമാണ് ഞങ്ങള്‍ ജീവിക്കുന്നതും മുന്‍പോട്ടു പോകുന്നതും. അവിടെ നമ്മുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ പാടില്ല എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളതുപോലെതന്നെ, മറ്റുള്ള മതവിശ്വാസികളുടെ വികാരങ്ങളും വ്രണപ്പെടാന്‍ പാടില്ല എന്ന നിര്‍ബന്ധ ബുദ്ധി നമുക്കുണ്ടാകണം. മറ്റുള്ള മതങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു കൊണ്ട്, നമ്മെ സംരക്ഷിക്കാനെന്ന വ്യാജേന, ആരെയും അനുവദിക്കരുത്. ഇതര മതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിക്കാന്‍ സഭാ വക്താക്കള്‍ മാത്രം മുന്നോട്ടു വരുന്ന അവസ്ഥയുണ്ടാക്കണം. പല കോണുകളിലും നിന്നും വൈകാരികമായി സംസാരിക്കുന്നതു മൂലം, മറ്റ് മതങ്ങളുമായുള്ള ഊഷ്മളമായ ബന്ധത്തിന് കോട്ടം തട്ടാന്‍ പിതാക്കന്മാര്‍ അനുവദിക്കരുത്. ഈ അടുത്തിടെ ഉണ്ടായ പല വിഷയങ്ങളും, ക്രിസ്ത്യന്‍ വര്‍ഗ്ഗീയത എന്ന തരത്തില്‍ പരിണമിച്ചത് ദൗര്‍ഭാഗ്യകരമാണ്. മാര്‍പാപ്പ കാണിച്ചുതന്ന എളിമയുടെ മാതൃകപോലെ, മറ്റ് മതനേതാക്കളുമായി കൃത്യമായ ഇടവേളകളില്‍ ആശയപരമായ ചര്‍ച്ചകള്‍ സിനഡ് സംഘടിപ്പിക്കണം. അതുവഴി സാഹോദര്യം എന്ന വലിയ മൂല്യം കേരള സമൂഹത്തിന്റെ മുന്‍പില്‍ വിളിച്ചു പറയാന്‍ സിനഡ് മുന്‍കൈയെടുക്കണം. അങ്ങനെ കേരള സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച കത്തോലിക്കാ സഭയുടെ നിലപാടുകള്‍ കേരളസമൂഹം അഭിമാനത്തോടെ നോക്കി കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
7. 'കാണാതായ ഒരു ആടിന് വേണ്ടി അന്വേഷിച്ച് പോകുന്ന ഇടയനെ പോലെ'
കൂടുതല്‍ മക്കള്‍ വേണമെന്ന് പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ അഭിനന്ദനാര്‍ഹം തന്നെ. അതോടൊപ്പം, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍, വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരെ തിരികെ കൊണ്ടുവരാനുള്ള ഊര്‍ജ്ജിതപരിശ്രമങ്ങള്‍ എല്ലാ മേഖലകളിലും ഉണ്ടാകണം എന്നുള്ളത് ഈ അവസരത്തില്‍ സിനഡിന് മുന്‍പാകെ ഓര്‍മ്മിപ്പിക്കുന്നു. അത്തരത്തില്‍ ഒരു വിഭാഗത്തിന് എല്ലാ രൂപതകളിലും രൂപം കൊടുക്കണം.
8. ഏറ്റവും പ്രധാനപ്പെട്ടത്.
വിവാഹപ്രായമെത്തിയിട്ടും വിവാഹം നടക്കാത്ത യുവജനങ്ങള്‍ക്ക് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള, ക്രിയാത്മകമായി എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന, കാര്യത്തില്‍ ഇടവക തലത്തില്‍ വൈദീകര്‍ക്ക് നിര്‍ദ്ദേശം നല്‍കി കൊണ്ട് കത്തോലിക്ക സഭ മുഴുവന്‍ ഏറ്റെടുക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം. അങ്ങനെയുള്ളവരുടെ വിഷമം പങ്കുവയ്ക്കാനും അവരോടു സംസാരിക്കാനും വൈദീകരും പിതാക്കന്മാരും തയ്യാറാകണം. അതിന് രൂപത വ്യത്യാസമില്ലാതെ വൈദികരെ ഒരുമിച്ചു കൂട്ടി ഒരേ മനസ്സോടെ തീവ്രമായി പ്രവര്‍ത്തിക്കണം. ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടു ക്കേണ്ട ഒന്നായി ഇത് മാറുകയും, അടുത്ത 3 വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ഉള്ളവരില്‍ പകുതി പേരെയെങ്കിലും വൈവാഹിക ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താന്‍ ഉള്ള ഒരു ചലഞ്ച് സിനഡ് മെത്രാന്മാര്‍ ഏറ്റെടുക്കണം. മാത്രവുമല്ല, 30 വയസ്സ് കഴിഞ്ഞവര്‍ക്ക് സഭയുടെ മാട്രിമോണിയല്‍ സംരംഭങ്ങളില്‍ സൗജന്യമായി രജിസ്‌ട്രേഷന്‍ അനുവദിക്കണം.
9. യുവജനങ്ങളുടെ താല്പര്യം
ഇടവകയിലും രൂപതയിലും യുവജനങ്ങള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. യുവജനസംഘടനയുടെ പേരും മറ്റും തീരുമാനിക്കുന്നതില്‍ ഭൂരിപക്ഷ അഭിപ്രായവും യുവജനങ്ങളുടെ ആയിരിക്കണം. പിതാക്കന്മാരുടെ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, യുവജനങ്ങള്‍ക്ക് എന്ത് വേണം എന്ന ചോദ്യത്തിനായിരിക്കണം മുന്‍തൂക്കം കൊടുക്കേണ്ടത്. അങ്ങനെ, യുവജനങ്ങളെ വിശ്വാസത്തിലെടുത്ത്, യുവജനങ്ങള്‍ക്ക് സ്വീകാര്യമായ രീതികള്‍ പിന്തുടരാന്‍ അവരെ അനുവദിക്കുക.
10. സൈബര്‍ ഇടങ്ങളില്‍ യുവജനങ്ങളുടെ ഇടപെടല്‍
യുവജനങ്ങളുടെ കഴിവുകളും സമയവും സൈബര്‍ ഇടങ്ങളില്‍ വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ധാരാളമായി കാണാം. അതു മതരാഷ്ട്രീയസാമൂഹ്യ വിഷയങ്ങളിലെല്ലാം ക്രിയാത്മകമായ ചര്‍ച്ചയും ആശയസംവാദവും പ്രോത്സാഹിപ്പിക്കുന്നതിനു പകരം, പലരും യുവജനങ്ങളുടെ കഴിവുകളെ സ്വാര്‍ത്ഥ താ ല്പര്യത്തിനും തീവ്ര ചിന്താഗതികള്‍ വളര്‍ത്തുന്നതിനും, 'സൈബര്‍ പോരാളികള്‍' എന്ന പേരോടെ അവരെ യാതൊരുവിധ കത്തോലിക്കാ മൂല്യങ്ങളുമില്ലാതെ, പരസ്പര ബഹുമാനവുമില്ലാതെ സഭ്യതയ്ക്കു നിരക്കാത്ത തരത്തില്‍ ഇടപെടാന്‍ തക്കരീതിയില്‍ വളര്‍ത്തുന്നു എന്നുള്ളത് ഏറെ വേദനാജനകമാണ്. 'കെ.സി.വൈ.എം. ഓഫീഷ്യല്‍' എന്നു പേരുള്ള ഒരു വ്യാജ ഫേസ്ബുക്ക് പേജുണ്ട് എന്നതും സിനഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇതുപോലെ പല ഫേക്ക് ഐഡികളിലൂടെ ക്രൈസ്തവ സഭയ്ക്ക് വേണ്ടിയാണ് എന്ന പേരില്‍ മറ്റുള്ളവരെ വ്യക്തിഹത്യ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ധാരാളം ക്രിസ്ത്യന്‍ നാമധാരികളായ ഫെയ്ക്ക് ഐഡികള്‍ സജീവമാണ് എന്നും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇങ്ങനെ ഫെയ്ക്ക് ഐഡികളി ലൂടെ പറഞ്ഞ് തുടങ്ങുന്ന പല വിഷയങ്ങളും, നമ്മുടെ കൈസ്തവ യുവജനങ്ങള്‍ ഏറ്റെടു ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ വിഷയം അതീവജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതാണ് എന്നത് സിനഡ് പിതാക്കന്മാരുടെ മുന്‍പില്‍ ഓര്‍മ്മിപ്പിക്കുന്നു. അല്ലെങ്കില്‍ ഈ സൈബര്‍ ഇടങ്ങള്‍ വലിയ മത വര്‍ഗ്ഗീയത ക്രിസ്ത്യാനികള്‍ക്കിടയില്‍ വളര്‍ത്തുവാന്‍ സാധ്യതയുണ്ട്. രൂപത തലത്തിലും ഇടവക തലത്തിലും ആശയവിനിമയം നടത്തുന്നതിനുള്ള വേദികള്‍ ഒരുക്കി കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സഭയുടെ വരുമാനത്തിന്റെ നല്ലയൊരു പങ്ക് യുവജനങ്ങളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് മാറ്റി വെയ്ക്കുന്നുണ്ട് എന്ന് രൂപത അദ്ധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണം. വേദപഠനത്തിനു ശേഷം സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുകയും, അങ്ങനെ താല്പര്യപ്പെടാത്തവര്‍ക്ക് വേണ്ടി മറ്റ് വഴികള്‍ തേടാനും സിനഡ് ചര്‍ച്ച നടത്തണം.
ഇവയെല്ലാം കെ.സി.വൈ.എം. അതിരൂപത ഭാരവാഹികളുടെയും ഫൊറോന പ്രസഡന്റുമാരുടെയും ആഴമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സിനഡിന് മുന്‍പില്‍ സമര്‍പ്പിക്കുന്നത്. മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ ജീവിതത്തില്‍ നിറവേറ്റാന്‍ ഉദ്‌ബോധിപ്പിക്കുന്ന പിതാക്കന്മാര്‍, 'യുവജനങ്ങളെ കേള്‍ക്കണം' എന്ന് ഓര്‍മ്മപ്പെടുത്തുന്ന മാര്‍പാപ്പയുടെ വാക്കുകള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ട്, ഇതില്‍ ഇടപെടലുകള്‍ നടത്തുമെന്നും കൃത്യമായ മറുപടികള്‍ ലഭിക്കുമെന്നും വിശ്വസിക്കുന്നു. യുവജന ശുശ്രൂഷയിലും പ്രവാചക ദൗത്യം നിറവേറ്റാന്‍ ആഗ്രഹിച്ചു കൊണ്ട്,
കെ.സി.വൈ.എം. എറണാകുളം അങ്കമാലി മേജര്‍ അതിരൂപത
എക്‌സിക്യൂട്ടീവ് സമിതിക്കു വേണ്ടി,
ടിജോ പടയാട്ടില്‍ – പ്രസിഡന്റ് (ഒപ്പ്)
ജെറിന്‍ പാറയില്‍ – ജനറല്‍ സെക്രട്ടറി (ഒപ്പ്)
മാര്‍ട്ടിന്‍ വര്‍ഗീസ് – ട്രഷറര്‍ (ഒപ്പ്)
കിരണ്‍ ക്ലീറ്റസ് – വൈസ് പ്രസിഡന്റ് (ഒപ്പ്)
പ്രിയ ജോര്‍ജ്ജ് – വൈസ് പ്രസിഡന്റ് (ഒപ്പ്)
തുഷാര തോമസ് – ജോയിന്റ് സെക്രട്ടറി (ഒപ്പ്)
റിസോ തോമസ് – ജോയിന്റ് സെകട്ടറി (ഒപ്പ്)
സൂരജ് ജോണ്‍ പൗലോസ് – സിന്‍ഡിക്കേറ്റ് മെമ്പര്‍ (ഒപ്പ്)
ജിസ്മി ജിജോ – സിന്‍ഡിക്കേറ്റ് മെമ്പര്‍ (ഒപ്പ്)
ജിമോന്‍ ജോണി – സെനറ്റ് മെമ്പര്‍ (ഒപ്പ്)
ജിന്‍ഫിയ ജോണ്‍ – സെനറ്റ് മെമ്പര്‍ (ഒപ്പ്)
ബവ്‌റിന്‍ ജോണ്‍ – ഓര്‍ഗനൈസിംഗ് സെക്രട്ടറി (ഒപ്പ്)
ജിതിന്‍ തോമസ് – ഓര്‍ഗനൈസിംഗ് സെക്രട്ടറി (ഒപ്പ്)
ഡിവോണ്‍ പനയ്ക്കല്‍ – ഓര്‍ഗനൈസിംഗ് സെക്രട്ടറി (ഒപ്പ്)
ഫാ. ജൂലിയസ് കറുകന്തറ – ഡയറക്ടര്‍ (ഒപ്പ്)
ഫാ. മാത്യു തച്ചില്‍ – അസ്സി. ഡയറക്ടര്‍ (ഒപ്പ്)
ഫൊറോന പ്രസിഡണ്ടുമാര്‍
മെല്‍വിന്‍ വില്‍സന്‍ – മൂഴിക്കുളം (ഒപ്പ്)
ആല്‍വിന്‍ സാബു മാളിയേക്കല്‍ – വൈക്കം (ഒപ്പ്)
ജോസഫ് സാജു – കറുകുറ്റി (ഒപ്പ്)
ലിന്‍സണ്‍ തോമസ് – ചേര്‍ത്തല (ഒപ്പ്)
ജിന്റോ ദേവസി – മൂക്കന്നൂര്‍ (ഒപ്പ്)
ജെസ്റ്റോ മാത്യു – അങ്കമാലി (ഒപ്പ്)
നിഖില്‍ കെ. തോമസ് – കൊരട്ടി (ഒപ്പ്)
എബി എഡിസണ്‍ – ഇടപ്പള്ളി (ഒപ്പ്)
അമല്‍ മാര്‍ട്ടിന്‍ – എറണാകുളം (ഒപ്പ്)
ഷെയ്‌സണ്‍ തോമസ് – പറവൂര്‍ (ഒപ്പ്)
എബി വര്‍ഗ്ഗീസ് – കാഞ്ഞൂര്‍ (ഒപ്പ്)
ബവ്‌റിന്‍ ജോണ്‍ – മഞ്ഞപ്ര (ഒപ്പ്)
അഷബിന്‍ പോള്‍ – വല്ലം (ഒപ്പ്)