ഫാ. ആന്റണി കാട്ടിപറമ്പിൽ കൊച്ചി രൂപതാധ്യക്ഷൻ

ഫാ. ആന്റണി കാട്ടിപറമ്പിൽ കൊച്ചി രൂപതാധ്യക്ഷൻ
Published on

ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പതിനാലാമൻ മാർപ്പാപ്പ നിയമിച്ചു. അമ്പത്തിയഞ്ച് വയസ്സുള്ള ഫാ. കാട്ടിപറമ്പിൽ നിലവിൽ കൊച്ചി രൂപതയുടെ ജുഡീഷ്യൽ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

1970 ഒക്ടോബർ 14 ന് മുണ്ടംവേലിയിൽ ജനിച്ച ഫാ. ആന്റണി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് പള്ളിയിൽ അംഗമാണ്. പരേതനായ ജേക്കബിന്റെയും പരേതയായ ട്രീസയുടെയും മകനും ഏഴ് മക്കളിൽ ഇളയവനുമാണ്.

മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും ഇടക്കൊച്ചി അക്വിനാസ് കോളേജിൽ പ്രീ-ഡിഗ്രിയും പൂർത്തിയാക്കി. ആലുവാ സെമിനാരിയിലായിരുന്നു തത്വശാസ്ത്രപഠനം. റോമിലെ ഉർബാനിയ സർവകലാശാലയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം 1998 ഓഗസ്റ്റ് 15-ന് ബിഷപ്പ് ജോസഫ് കുരീത്തറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഉർബാനിയ സർവകലാശാലയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിലും പിന്നീടു കാനൻ നിയമത്തിലും ലൈസൻഷ്യേറ്റു (2013–2016) നേടി.

പട്ടം സ്വീകരിച്ചതിനുശേഷം, ഫാ. ആന്റണി ഫോർട്ട് കൊച്ചിയിലെ സാന്താക്രൂസ് ബസിലിക്കയിൽ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമാരംഭിച്ചു. ഇറ്റലിയിലെ പ്രാറ്റോയിലെ ചീസ ഡി സാൻ ഫ്രാൻസെസ്കോയിൽ (2002–2005) അസിസ്റ്റന്റ് ഇടവക വികാരിയായി ശുശ്രൂഷ ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, കുമ്പളങ്ങിയിലെ സെന്റ് ജോസഫ് പള്ളിയിൽ (2005–2010) പാരിഷ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇറ്റലിയിൽ സെന്റ്. സിസിനിയോ, മാർട്ടിരിയോ ഇ അലസ്സാൻഡ്രോ, ബ്രിവിയോ, മിലാൻ (2010–2013), റോമിലെ സാൻ പിയോ അഞ്ചിൽ (2013–2016) എന്നീ പള്ളികളിൽ സേവനം ചെയ്തു.

2016-ൽ, കല്ലാഞ്ചേരിയിലെ സെന്റ് മാർട്ടിൻസ് പള്ളിയിൽ ഇടവക വികാരിയായി, 2021 വരെ അവിടെ സേവനമനുഷ്ഠിച്ചു. 2023 മുതൽ, കുമ്പളം സെന്റ് ജോസഫ്സ് പള്ളിയിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. പിന്നീടു ജുഡീഷ്യൽ വികാരിയായും മറ്റു പദവികളിലും സേവനം ചെയ്തു.

2024 മാർച്ച് 2-ന് ബിഷപ്പ് ജോസഫ് കരിയിൽ രാജിവച്ചതിനെത്തുടർന്ന് കൊച്ചി രൂപത മെത്രാൻ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. കൊച്ചി രൂപതയിൽ 1,82,324 കത്തോലിക്കരും 134 രൂപതാ വൈദികരും 116 സന്യാസ പുരോഹിതരും 545 സന്യാസസഹോദരിമാരും സേവനം ചെയ്യുന്നു. 78 ഇടവകകളുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org