
കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവകയില്‍ പത്തുകുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകളൊരുക്കി തണല്‍വിരിച്ച് കാവുംകണ്ടം ഇടവകകൂട്ടായ്മ മാതൃകയാവുന്നു. 2020 ജൂലൈ 8-ാം തീയതി ഇടവകയുടെ പുതിയ വികാരിയായി ചാര്‍ജ്ജെടുത്ത ഫാ. സ്‌കറിയാവേകത്താനം വീടുസന്ദര്‍ശനത്തിനിടയില്‍ ഭവനരഹിതരും ശോചനീയമായ വീടുകളില്‍ കഴിയുന്നവരുമായ ഏതാനും കുടുംബങ്ങളെ കാണാന്‍ ഇടയായി പല പ്രാവശ്യം സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടും യാതൊരു പ്രയോജനവും ലഭിക്കാതെ വിഷമിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുടുംബങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ വികാരിയച്ചന്‍ ഭവനനിര്‍മ്മാണപദ്ധതിക്ക് "തണല്‍' 2020 സെപ്റ്റംബര്‍ 6-ാം തീയതി ഞായറാഴ്ച രൂപം നല്കി. ഇതോടനുബന്ധിച്ച് വിവിധ കമ്മറ്റിയെ തെരഞ്ഞെടുത്തു.
2020 സെപ്റ്റംബര്‍ 27-ാം തീയതി ഞായറാഴ്ച ഇടവകാംഗവും ദൈവാലയ ശുശ്രൂഷിയുമായ രഞ്ജിത്ത് തോട്ടാകുന്നേലിന്റെ വീടിന്റെ ശിലാസ്ഥാപനം നടത്തിക്കൊണ്ട് പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ ഇടവകയിലെ ഭവനനിര്‍മ്മാണപദ്ധതി 'തണല്‍' ഉദ്ഘാടനം ചെയ്തു. 760 സ്‌ക്വയര്‍ ഫീറ്റില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടി രഞ്ജിത്തിന്റെ വീടിന്റെ പണി നാലുമാസം കൊണ്ട് പൂര്‍ത്തീകരിച്ചു. വാടക വീട്ടില്‍ താമസിച്ചിരുന്ന ചാലില്‍ ബിനോയിയ്ക്ക് മൂന്ന് സെന്റ് സ്ഥലവും പുതിയ വീടും നിര്‍മ്മിച്ച് പള്ളിയില്‍ നിന്ന് നല്‍കി. ഇതോടനുബന്ധിച്ച് ബെന്നി. ചെമ്മലയില്‍, തങ്കച്ചന്‍ കിടക്കേനാത്ത്, വിജയന്‍ കളപ്പുരയ്ക്കല്‍, ജോര്‍ജ്ജുകുട്ടി മതിച്ചിപറമ്പില്‍, മാത്യു മൈക്കിള്‍ കരിഞ്ഞാങ്കല്‍, വിന്‍സെന്റ് പാതിരിയില്‍, വര്‍ക്കി തോമസ് വല്യാത്ത്, സാബു ജേക്കബ് കറിക്കല്ലില്‍ എന്നീ എട്ടു വീടുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.
ഇടവക വികാരിയച്ചന്റെ നേതൃത്വത്തില്‍ എല്ലാ മതസ്ഥരും ഉള്‍പ്പെടെ 75 ഓളം പേരുടെ ശ്രമദാനം കൊണ്ട് നാലുമാസത്തിനുള്ളില്‍ പത്തുവീടുകളുടെ പണി വളരെ പെട്ടെന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു. പാലാ രൂപത ഹോം പ്രൊജക്ടിന്റെ നേതൃത്വത്തിലാണ് ഭവനനിര്‍മ്മാണപദ്ധതിക്ക് ഇടവകയില്‍ തുടക്കം കുറിച്ചത്. ഫെബ്രുവരി 7 ഞായറാഴ്ച വൈകുരേം 3 മണിക്ക് പാലാ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പത്തുവീടുകളുടെ വെഞ്ചെരിപ്പ് നിര്‍വ്വഹിക്കും. വികാരി ജനറാള്‍ റവ. ഫാ. ജോസഫ് മലേപ്പറമ്പില്‍, കടനാട് ഫൊറോനാ പള്ളി വികാരി റവ.ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര, വാര്‍ഡ് മെമ്പര്‍ ഗ്രേസി ജോര്‍ജ്ജ് പുത്തന്‍കുടിലില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വികാരി. ഫാ. സ്‌കറിയ വേകത്താനം, ചാക്കോച്ചന്‍ പെരുമാലില്‍, ജോയി കല്ലുവെട്ടിയേല്‍, സണ്ണി കുരീത്തറ, അഭിലാഷ് കോഴിക്കോട്, ജിബിന്‍ കോഴിക്കോട്, കൈക്കാരന്മാരായ മാത്യു തച്ചുകുന്നേല്‍, സെബാസ്റ്റ്യന്‍ തയ്യില്‍, ജോഷി കുമ്മേനിയില്‍ തുടങ്ങിയവര്‍ ഭവനനിര്‍മ്മാണ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കോവിഡ് കാലത്ത് ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ചെയ്തുകൊണ്ട് കാവുംകണ്ടം ഇടവക ശ്രദ്ധേയമായി. ജാതി-മത വ്യത്യാസമില്ലാതെ മുന്നൂറു കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്കി. ഓണത്തോടനുബന്ധിച്ച് സൗജന്യ ഓണ സദ്യ വിതരണം ചെയ്തു. മദര്‍തെരേസാ അനുസ്മരണദിനത്തില്‍ ഭക്ഷ്യകിറ്റും വസ്ത്രവും സൗജന്യമായി വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ ഓണ്‍ ലൈന്‍ പഠനക്ലാസ്സിനുവേണ്ടി ഇരുപത്തിരണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്കി. കോവിഡ് പ്രതിസന്ധിയില്‍ വിഷമിച്ചിരിക്കുന്ന പാലാ മരിയ സദനത്തിന് പലചരക്കു സാധനങ്ങളും, വസ്ത്രങ്ങളും വിതരണം ചെയ്തു. ഇങ്ങനെ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി ഇടവക ദൈവാലയം കാരുണ്യാലയമായി മാറുകയാണ്.
സെന്റ് മരിയ ഗൊരേത്തി ചര്‍ച്ച്, കാവുംകണ്ടം, കടനാട് പി.ഒ.-686 653, ഫോണ്‍: 04822-246463, മൊബൈല്‍: 8281771175