സേവ് കുട്ടനാട് ജനകീയ മുന്നേറ്റത്തെ കര്‍ഷകപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കും

സേവ് കുട്ടനാട് ജനകീയ മുന്നേറ്റത്തെ കര്‍ഷകപ്രസ്ഥാനങ്ങള്‍ പിന്തുണയ്ക്കും
Published on

സ്വന്തം മണ്ണില്‍ ജീവിക്കാന്‍വേണ്ടി കുട്ടനാട് ജനത നടത്തുന്ന ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കുമെന്ന് കേരളത്തിലെ വിവിധ കര്‍ഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി. അനേകായിരങ്ങളെ തീറ്റിപ്പോറ്റുന്ന കുട്ടനാടന്‍ ജനതയുടെ ജീവിതം വന്‍ഭീഷണി നേരിടുന്നു. പ്രളയവും ദുരന്തങ്ങളും നിരന്തരം ഏറ്റുവാങ്ങി കുട്ടനാട്ടില്‍ നിന്ന് ജനങ്ങള്‍ കുടിയിറങ്ങുന്ന സ്ഥിതിവിശേഷമാണ്. 2008-ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പാക്കേജുകളും രാഷ്ട്രീയ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ അട്ടിമറിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി ഒരു സമൂഹത്തെയൊന്നാകെ വഞ്ചിക്കുന്ന ഭരണനേതൃത്വങ്ങളുടെ അടവുതന്ത്രങ്ങള്‍ ആവര്‍ത്തിക്കുവാന്‍ ഇനിയും അനുവദിക്കാനാവില്ലെന്ന് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 'കുട്ടനാട് ആക്ഷന്‍ പ്ലാന്‍' വിശദീകരിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, കണ്‍വീനര്‍മാരായ ജോയി കണ്ണഞ്ചിറ കോഴിക്കോട്, ബേബി സഖറിയാസ് വയനാട്, അഡ്വ. പി.പി. ജോസഫ് കോട്ടയം, സംസ്ഥാന നേതാക്കളായ സുരേഷ്‌കുമാര്‍ ഓടംപന്തിയില്‍ കണ്ണൂര്‍, ജനറ്റ് മാത്യു തൃശൂര്‍, രാജു സേവ്യര്‍ ഇടുക്കി, മനു ജോസഫ് തിരുവനന്തപുരം, പി.ജെ. ജോണ്‍ മാസ്റ്റര്‍ നിലമ്പൂര്‍, ഷുക്കൂര്‍ കണാജെ കാസര്‍ഗോഡ്, ഹരിദാസന്‍ കല്ലരിക്കോട്ട് പാലക്കാട്, നൈനാന്‍ തോമസ്, ഔസേപ്പച്ചന്‍ ചെറുകാട്, ജോസി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org