കെ.എ.പി.എസ് ഗുരുശ്രേഷ്ഠ പുരസ്കാരം ഡോ. കെ. ആർ അനീഷിന് 

K.A.P.S. Gurushreshtha Award for Dr. K. R. Aneesh
Published on: 

കൊച്ചി: സാമൂഹ്യപ്രവർത്തന വിദ്യാഭ്യാസം, ഗവേഷണം, അക്കാദമിക നേതൃത്വം, പ്രൊഫഷണൽ രംഗത്തെ സംഭാവനകൾ, സാമൂഹിക ഇടപെടലുകൾ എന്നിവയിലെ മികവ് പരിഗണിച്ച് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ഏർപ്പെടുത്തിയിട്ടുള്ള ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് (സീനിയർ) രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ അർ അനീഷ് അർഹനായി.

ഡിസംബർ 15-ന് കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിൽ നടക്കുന്ന പതിനൊന്നാമത് കേരള സോഷ്യൽ വർക്ക് കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കെ.എ.പി.എസ് പുരസ്കാരദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

23വർഷത്തിലേറെയായി സാമൂഹ്യപ്രവർത്തന വിദ്യാഭ്യാസ, ഗവേഷണ, പ്രായോഗിക മേഖലകളിൽ സജീവമായ ഡോ. കെ ആർ അനീഷ് അധ്യാപനരംഗത്തെ നൂതന രീതികൾ, പാഠ്യപദ്ധതി വികസനം, സാങ്കേതികവിദ്യാധിഷ്ഠിത പഠനരീതികൾ, ഗവേഷണം, അക്കാദമിക നേതൃത്വം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പത്ത് പുസ്തകങ്ങളും സ്കോപ്പസ്, വെബ് ഓഫ് സയൻസ് എന്നിവയിൽ ഇൻഡക്സ് ചെയ്തിട്ടുള്ള ജേണലുകളിൽ മുപ്പതിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയവും അന്തർദേശീയവുമായ ഏജൻസികളുടെ പിന്തുണയോടെ ഒന്നരക്കോടി രൂപയിലധികം മൂല്യമുള്ള ഗവേഷണ-കൺസൾട്ടൻസി പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലും സമൂഹാധിഷ്ഠിത ഇടപെടലുകളിലും അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു. എറണാകുളം ജില്ലാ നശാമുക്ത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്ററായും കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ആർ-കോംബാറ്റ് (R-COMBAT) പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായും അമ്പതിനായിരത്തിലധികം യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 

യു.ജി.സി.യുടെ വിദഗ്ധ സമിതികളിൽ അംഗമായും ദേശീയതലത്തിലുള്ള നയരൂപീകരണ, മാർഗരേഖാ വികസന പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.

കേരളത്തിലെ പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. കെ.എ.പി.എസിന്റെ സ്ഥാപകാംഗമായ ഡോ. കെ.ആർ അനീഷ് അസോസിയേറ്റ് ജനറൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ് തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. കെ.എ.പി.എസ് സ്കിൽസ് അക്കാദമിയുടെ സ്ഥാപക കോ-ഓർഡിനേറ്ററുമാണ്.