വികാരിയച്ചന്റെ വൃക്ക വിശ്വാസിക്കു ജീവനേകുന്നു: കനകമലയില്‍ നിന്നൊരു കാരുണ്യഗാഥ

വികാരിയച്ചന്റെ വൃക്ക വിശ്വാസിക്കു ജീവനേകുന്നു: കനകമലയില്‍ നിന്നൊരു കാരുണ്യഗാഥ

കത്തോലിക്കാ പുരോഹിതര്‍ മുന്നില്‍ നിന്നു നയിക്കുന്ന കേരളത്തിലെ മഹത്തായ അവയവദാന സ്‌നേഹവിപ്ലവത്തിന്റെ ദീപശിഖയേന്താന്‍ ഒരു പുരോഹിതന്‍ കൂടി. ഇരിങ്ങാലക്കുട രൂപതയിലെ കനകമല പള്ളി വികാരി ഫാ. ഷിബു നെല്ലിശ്ശേരി. ഇടവകാംഗമായ ബെന്‍സന്‍ എന്ന യുവാവിനാണ് ഫാ. ഷിബു തന്റെ വൃക്ക പകുത്തു നല്‍കി ആരോഗ്യത്തിന്റെ അനുഗ്രഹം ചൊരിയുന്നത്. കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമാണ് 44 കാരനായ ഫാ. ഷിബു നെല്ലിശ്ശേരി.

21 കാരനായ ബെന്‍സന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വൃക്ക രോഗിയാണ്. ഒരു വര്‍ഷം മുമ്പ് രോഗം ഗുരുതരമാകുകയും ഇരു വൃക്കകളുയെടും പ്രവര്‍ത്തനം നിലയ്ക്കുന്ന ഘട്ടത്തിലെത്തുകയുമായിരുന്നു. വൃക്ക മാറ്റിവയ്ക്കാതെ വഴിയില്ല എന്ന നിര്‍ദേശമുയര്‍ന്നപ്പോള്‍ സ്വന്തം വൃക്ക നല്‍കാന്‍ പിതാവ് ബെന്നി തയ്യാറായി. പക്ഷേ പരിശോധനകളില്‍ അതു യോജിക്കില്ലെന്നു കണ്ടു.

അപ്പോഴാണ് കുടുംബം വികാരിയച്ചനെ സമീപിച്ചത്. വൃക്ക കണ്ടെത്താന്‍ സഹായിക്കണമെന്നതായിരുന്നു അവരുടെ അഭ്യര്‍ത്ഥന. വൃക്കദാനത്തിനു സന്നദ്ധതയുള്ള ഒരു വ്യക്തിയെ കണ്ടെത്താമെന്നു വികാരിയച്ചന്‍ ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷേ അതു വികാരിയച്ചന്‍ തന്നെയാണെന്നറിഞ്ഞപ്പോള്‍ കുടുംബത്തിന് ഞെട്ടലായിരുന്നു. ഇടവകാംഗങ്ങള്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പക്ഷേ ഫാ. ഷിബുവിന്റെ തീരുമാനം ഉറച്ചതായിരുന്നു.

ഒരു ജീവന്‍ രക്ഷിക്കാന്‍ തനിക്കു കഴിയുമെങ്കില്‍ അതില്‍പരം നന്മ വേറെയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടെ കനകമല ഇടവകസമൂഹം ഒറ്റക്കെട്ടായി വികാരിയുടെ പിന്നില്‍ അണിനിരന്നു. ശസ്ത്രക്രിയക്കും തുടര്‍ചികിത്സയ്ക്കും 25 ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. ധനസമാഹരണത്തിന് ഇടവകയിലെ കുടുംബകൂട്ടായ്മകളും സംഘടനകളും ധനസമാഹരണത്തിനായി മുന്നിട്ടിറങ്ങി. ജാതിമതവ്യത്യാസമില്ലാതെ നാട്ടുകാര്‍ ഇതിനു പിന്തുണയുമായെത്തി. അതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആ ശസ്ത്രക്രിയ സാദ്ധ്യമാകുകയും ചെയ്തു.

ഇതുവരെ ഒരു ഡസനിലേറെ കത്തോലിക്കാവൈദികര്‍ കേരളത്തില്‍ വൃക്കദാനം നടത്തിയിട്ടുണ്ട്. വൃക്ക ദാനം ചെയ്യുന്ന ഇരിങ്ങാലക്കുട രൂപതയിലെ രണ്ടാമത്തെ വൈദികനാണ് ഫാ. ഷിബു നെല്ലിശ്ശേരി. ഫാ. വര്‍ഗീസ് പെരേപ്പാടനാണ് ആദ്യത്തെയാള്‍. ഇപ്പോള്‍ ഹോസുര്‍ രൂപതാ വികാരി ജനറാളാണ് അദ്ദേഹം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org