ജോസഫ് വൈറ്റില നിത്യവിസ്മയത്തിലേക്കു വിട പറഞ്ഞു

ജോസഫ് വൈറ്റില നിത്യവിസ്മയത്തിലേക്കു വിട പറഞ്ഞു

ജനുവരി 9 നു നിര്യാതനായ ജോസഫ് വൈറ്റില (84) 2012 ല്‍ സമഗ്രസംഭാവനകള്‍ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡു നേടിയിട്ടുണ്ട്. എന്നാല്‍, അവാര്‍ഡുകളോ അംഗീകാരങ്ങളോ തേടി നടക്കാതെ, എഴുത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ചു മുന്നോട്ടു പോയ എഴുത്തുകാരനായിരുന്നു ജോസഫ് വൈറ്റില. എഴുതുക മാത്രമാണ് ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. എഴുത്തിനുവേണ്ടി തപം ചെയ്തു. അതിന്റെ മായം ചേര്‍ക്കാത്ത സദ്ഫലങ്ങള്‍ വായനക്കാര്‍ക്കു കാലാകാലം സമ്മാനിച്ചുകൊണ്ടിരുന്നു.

ജീവിതാരംഭത്തില്‍ കായികാധ്വാനം വേണ്ട കഠിനമായ ജോലികള്‍ ചെയ്തിട്ടുള്ള അദ്ദേഹം പില്‍ക്കാലത്ത് ഏറെക്കാലം സമയം വാരികയുടെ പത്രാധിപരായിരുന്നു. നാടകത്തിലും സിനിമയിലും പ്രവര്‍ത്തിച്ചു. പ്രൂഫ് റീഡറായും കണക്കെഴുത്തുകാരനായും ജോലി ചെയ്തു.

1962 ല്‍ ചരമവാര്‍ഷികം എന്ന കഥയാണ് പ്രസിദ്ധീകരിച്ചു വന്ന ആദ്യകൃതി. പതിനെട്ടു വയസ്സിലായിരുന്നു അത്. കൊച്ചിയില്‍ ഒരു കഥാകാരന്‍ വരവറിയിച്ച കഥ. പിന്നീട് പലതരം ജോലികള്‍ ചെയ്യുമ്പോഴും എഴുത്തു കൈവിട്ടില്ല.

രണ്ടു നാടകങ്ങളും തിരക്കഥകളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്. പാവങ്ങളുടെ പാഞ്ചാലി, ആശ്രമം, പീഡിതരുടെ സങ്കീര്‍ത്തനം എന്നിവയാണ് പ്രധാന രചനകള്‍.

സത്യദീപം അദ്ദേഹത്തിന്റെ ഏതാനും നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിത്യവിസ്മയത്തോടെ' എന്ന നോവലായിരുന്നു അതില്‍ ഏറ്റവും വലുതും ശ്രദ്ധേയവും. കൊച്ചിയിലെ പല തലമുറകളുടെ കഥ, ജീവസ്സുറ്റ ഭാഷയില്‍ പറഞ്ഞ നോവലായിരുന്നു അത്. പുസ്തകരൂപത്തിലും അതു പ്രസിദ്ധീകരിക്കപ്പെട്ടു.

വൈറ്റില ചമ്പക്കരയിലായിരുന്നു താമസം. കൊച്ചി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ വീടും സ്ഥലവും വിട്ടുകൊടുത്തവരിലൊരാളായിരുന്നു. ഭാര്യ എലിസബത്ത്, മക്കള്‍ ദീപ, ജോണ്‍ വില്യം, അപര്‍ണ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org