
ആലുവ: ചൂണ്ടി, ഭാരതമാത സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ജീവന്‍ രക്ഷാ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചു. കോളേജ് ബ്ലഡ് ഡോണേര്‍സ് ക്ലബ്ബും, ആസ്റ്റര്‍ മെഡിസിറ്റിയും, സഹൃദയ വെല്‍ഫെയര്‍ സര്‍വ്വീസസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് വനിതകള്‍ക്കായി പ്രത്യേക 'ബി ഫസ്റ്റ്' പരിശീലന പരിപാടിയ്ക്ക് തുടക്കം കുറിച്ചു.നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അടിയന്തിര ഘട്ടങ്ങളില്‍ മനുഷ്യജീവന്‍ രക്ഷിക്കുന്നതിനാവശ്യമായ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്യാമ്പയ്‌ന്റെ ഭാഗമായ പരിശീലനത്തില്‍ ഉള്‍പ്പെടുത്തി. സഹൃദയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോസ് കൊളുത്തു വെളളില്‍ അദ്ധ്യക്ഷനായ ചടങ്ങ് ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. ഭക്ഷണം കഴിക്കുന്നതിനടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ സമയബന്ധിതമായി പ്രഥമ ശുശ്രൂഷനല്‍കി ജീവന്‍ രക്ഷിച്ച ട്രീസ ജാസ്മിനെ 'ബി ഫസ്റ്റ് ബ്രേവ് ഹേര്‍ട്ട്' ആയി തിരഞ്ഞെടുത്തു. ചടങ്ങില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളതമിഴ്‌നാട് റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ മുഖ്യാതിഥിയായി. എമര്‍ജന്‍സി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍സണ്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് ഡയറക്ടര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, പ്രിന്‍സിപ്പാള്‍ ഡോ. സെലിന്‍ എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അദ്ധ്യാപകരായ അജിത്ത് എ, മേരി വിനി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.