ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുന്നു: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുന്നു: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍
Published on

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പുറത്തിറക്കാതെ രഹസ്യമാക്കി വച്ച് സംസ്ഥാന ഭരണ സംവിധാനങ്ങള്‍ ക്രൈസ്തവരെ വിഡ്ഢികളാക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആരോപിച്ചു.

2023 മെയ് 17ന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ ഒരധ്യായത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ മാത്രമാണ് ഇതിനോടകം പുറത്തു വന്നിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിര്‍ദേശങ്ങള്‍ ലഭിച്ചതും രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ചതുമായ പഠനരേഖകളും ക്ഷേമപദ്ധതി നിര്‍ദേശങ്ങളും സര്‍ക്കാര്‍ വളരെ രഹസ്യമാക്കി വയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന്റെ പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ വന്‍ ഗൂഡാലോചനയും അട്ടിമറി സാധ്യതകളും വ്യക്തമാണ്.

ക്ഷേമ പദ്ധതി ശുപാര്‍ശകള്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ മാത്രമല്ല മലയോര തീരദേശ മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും ജീവിത പ്രതിസന്ധികളും പിന്നോക്കാവസ്ഥയും പ്രതിഫലിക്കുന്നതാണ്.

പഠന റിപ്പോര്‍ട്ട് പുറത്തിറക്കാതെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം. പഠനങ്ങളുടെയും തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന വിവിധ അധ്യായങ്ങളിലുള്ള റിപ്പോര്‍ട്ട് വിശദാംശങ്ങള്‍ പൊതുസമൂഹത്തിന് അറിയുവാന്‍ അവകാശമുണ്ട്.

വരാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പകള്‍ മുന്നില്‍കണ്ട് റിപ്പോര്‍ട്ടിന്റെ നടപ്പാക്കലിനുവേണ്ടി വിശദമായി പഠിക്കുവാന്‍ ഒരു വിദഗ്ദ്ധസമിതിയെ വീണ്ടും പ്രഖ്യാപിച്ച് സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ അവഹേളിക്കുവാന്‍ സര്‍ക്കാര്‍ നോക്കണ്ട.

ജെ ബി കോശി കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ അടിയന്തരമായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ മുഖവിലയ്‌ക്കെടുത്ത് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്യണം. നിയമപരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നിഷേധ നിലപാട് സര്‍ക്കാര്‍ തുടരുമ്പോള്‍ നീതി ലഭിക്കാന്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org