കത്തോലിക്ക കോൺഗ്രസ്  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടും  - മാർ പീറ്റർ കൊച്ചുപുരക്കൽ

കത്തോലിക്ക കോൺഗ്രസ്  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടപെടും  - മാർ പീറ്റർ കൊച്ചുപുരക്കൽ
Published on

പാലക്കാട് / കൊച്ചി : കത്തോലിക്ക  കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പാലക്കാട് യുവക്ഷേത്രയിൽ വെച്ച്  നടത്തപ്പെടുന്ന നാഷണൽ യൂത്ത് കോൺഫറൻസ് 'എൻ വൈ സി 2K25' പാലക്കാട് രൂപതാ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു. സമുദായ ശാക്തീകരണത്തിൽ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിൻ്റെ ക്രിയാത്മകമായ ഇടപെടലുകൾക്ക് കൂടുതൽ കരുത്തും , വേഗതയും പകരാൻ യൂത്ത് കൗൺസിലിന് കഴിയണം എന്ന് അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.

വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ  കത്തോലിക്ക കോൺഗ്രസ് ശക്തമായി ഇടപെടുമെന്നും  അഭിവന്ദ്യ പിതാവ് പറഞ്ഞു . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി.  ഗ്ലോബൽ യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ  സിജോ ഇലന്തൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ സന്ദേശം നൽകി.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ . ജോസ് കുട്ടി ജെ ഒഴുകയിൽ, പാലക്കാട് രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ഗ്ലോബൽ ഭാരവാഹികളായിട്ടുള്ള തോമസ് ആൻ്റണി, ബെന്നി ആൻ്റ്ണി , ട്രീസ ലിസ് സെബാസ്റ്റ്യൻ , ജോയ്സ് മേരി ആൻ്റണി, ഡെന്നി തെങ്ങുംപള്ളിൽ, പാലക്കാട് രൂപത പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ, ആൻ്റണി കുറ്റിക്കാടൻ, എബി വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.

ആഗസ്റ്റ് 16, 17 തിയതികളിലായി നടക്കുന്ന യൂത്ത് കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ . രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തി . രാഷ്ട്രീയ,മാധ്യമ മേഖലകളിലെ യുവജനങ്ങളുടെ പങ്കാളിത്തവും,സമുദായിക സംഘടനാ പ്രവർത്തനങ്ങളും  രണ്ട് ദിവസങ്ങളിലെ യൂത്ത് കോൺഫറൻസിൽ മുഖ്യ പഠന വിഷയങ്ങളാകുന്നു.   സാമൂഹിക രാഷ്ട്രീയ സാമുദായിക മേഖലകളിലെ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

പാനൽ ചർച്ചകൾ,  സെമിനാറുകൾ, സംവാദങ്ങൾ എന്നിവ കോൺഫെറെൻസിന്റെ ഭാഗമായി നടക്കും. വരുന്ന  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രത്യേക വിഷയമായി കോൺഫ്രൻസ് പരിഗണിച്ച് പരമാവധി യുവജനങ്ങൾ നേതൃത്വത്തിലേക്ക് കടന്നു വരുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കും. 

കത്തോലിക്ക കോൺഗ്രസ്‌ യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർമാരായ ഷിജോ ഇടയാടിയിൽ, സിജോ കണ്ണേഴത്ത്, അബി മാത്യൂസ് കാഞ്ഞിരംപാറ,അപർണ ജോസഫ്, ആൻ്റോ തൊറയൻ, കൺവീനർമാരായ ജെറിൻ ജെ പട്ടാംകുളം, സിജോ ബേബി, ഷാന്റോ തകിടിയേൽ, സാൻജോ സണ്ണി എന്നിവർ നേതൃത്വം നൽകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org