ഇന്റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിന്‍ എന്നറിയപ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് ഫാ. പോട്ടയില്‍. സൊസൈറ്റി ഓഫ് സെന്റ് പോള്‍ (എസ് എസ് പി) സന്യാസസമൂഹത്തിലെ അംഗമായ അദ്ദേഹം, ഈ സന്യാസസമൂഹത്തിന്റെ ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടന്‍-അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലും ജനറല്‍ കൗണ്‍സിലറും വികാര്‍ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഡൊമിനിക്കോ സോളിമാനാണു നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിന്റെ സ്ഥാപകനായ ഫാ. ജെയിംസ് അല്‍ബെരിയോണെ ഒരു നൂറ്റാണ്ടു മുമ്പു സ്ഥാപിച്ചതാണ് സോബിക്കെയിന്‍. സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിര്‍വഹിക്കുന്നു.
1971-ല്‍ ഇവര്‍ രൂപപ്പെടുത്തിയ അജപാലന ബൈബിളിന്റെ കോടിക്കണക്കിനു കോപ്പികള്‍ ഇതിനകം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്പാനിഷ് ഭാഷയിലുള്ള, ലാറ്റിനമേരിക്കന്‍ ബൈബിള്‍ എന്നറിയപ്പെടുന്ന ഈ ബൈബിള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി വിതരണം ചെയ്യുന്നു. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വനിതാവിഭാഗമെന്നു പറയാവുന്ന ഡോട്ടേഴ്‌സ് ഓഫ് സെന്റ്‌പോളിനു പുറമെ സി എം എഫ്, എസ് വി ഡി തുടങ്ങിയ സന്യാസ സമൂഹങ്ങളും സോബിക്കെയിന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.