
എറണാകുളം : പൊതു ഇടങ്ങളിലും, ജോലിസ്ഥലങ്ങളിലും, വിദ്യാലയങ്ങളിലും സ്ത്രീകളും, പെണ്‍കുട്ടികളും നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവക്കെതിരെ ശബ്ദമുയര്‍ത്തുവാനും, പ്രതികരിക്കുവാനും നമ്മള്‍ മുന്നിട്ടിറങ്ങണമെന്ന് എറണാകുളം സൗത്ത് റെയില്‍വേ ഏരിയ മാനേജര്‍ ഡി. പരിമളന്‍. എറണാകുളം റെയില്‍വേ ചൈല്‍ഡ് ലൈന്‍ സഹൃദയയുടെയും, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളിന്റെയും സഹകരണത്തോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടത്തിയ അന്താരാഷ്ട്ര ബാലികാ ദിനാചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു സാഹചര്യത്തിലും ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളെ സഹായിക്കാന്‍ നമ്മള്‍ ഓരോരുത്തരും കടപ്പെട്ടവരാണ്. കാരണം, അവരാണ് നമ്മുടെ ഭാവി വാഗ്ദാനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ വര്‍ഗീസ് സ്റ്റീഫന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. റെയില്‍വേ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. എ അരുണ്‍, സെന്റ്. ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബാരേറ്റോ ഫ്രാന്‍സിസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, റെയില്‍വേ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അമൃത ശിവന്‍, ആന്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. കേവലമൊരു ദിനാചാരണത്തില്‍ മാത്രമൊതുങ്ങാതെ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും സംരക്ഷണവും, അവര്‍ക്ക് വേണ്ട പരിഗണനയും പൊതുസമൂഹം എന്നും ഉറപ്പുവരുത്തണമെന്ന് ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ അറിയിച്ചു. അന്താരാഷ്ട്ര ബാലിക ദിനാചരണത്തിനു നേതൃത്വം വഹിച്ച റെയില്‍വേ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും, സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. എ ആരുണ്‍ അന്താരാഷ്ട്ര ബാലികാ ദിന സന്ദേശം നല്‍കി. റെയില്‍വേ ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ സഞ്ജന റോയ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ മില്‍ട്ടണ്‍. കെ. ജെയ്‌സണ്‍, ഷിംജോ ദേവസ്യ, ക്രിസ്റ്റഫര്‍ മെജോ, ചിഞ്ചു ദേവസി സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്, ബാലികാ ദിനാചരണത്തിന്റെ ഭാഗമായി സെന്റ്. ആല്‍ബര്‍ട്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ബാലികാ ദിനാചാരണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.