
സഹൃദയ ആശാകിരണം കാന്‍സര്‍ ഡിറ്റക്ഷന്‍ മൊബൈല്‍ ക്ലിനിക്കിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ നിര്‍വഹിക്കുന്നു. ഫാ. ജോസ് കൊളുത്തുവെള്ളില്‍, ഫാ. ആന്റണി മഠത്തുംപടി, ഫാ. ജോളി പുത്തന്‍പുര, ഹൈബി ഈഡന്‍ എം.പി, ഫാ. പോള്‍ മൂഞ്ഞേലി, പാപ്പച്ചന്‍ തെക്കേക്കര, ഡോ. ജോണി കണ്ണമ്പിള്ളി, ഫെമിന ജോര്‍ജ്, ലിസ, അബീഷ് ആന്റണി എന്നിവര്‍ സമീപം.
പ്രാരംഭദശയില്‍ കണ്ടെത്തിയാല്‍ ചികിത്സയിലുടെ പൂര്‍ണമായും ഭേദപ്പെടുത്താനാവുന്ന രോഗമാണ് കാന്‍സര്‍ എന്ന അറിവ് ജനങ്ങളിലേക്ക് പകരുന്നതിനൊപ്പം രോഗനിര്‍ണയത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതും കാലികപ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ അഭിപ്രായപ്പെട്ടു. അതിരൂപതാ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ആശാകിരണം കാന്‍സര്‍ കെയര്‍ കാംപയിന്റെ ഭാഗമായി ഇടപ്പള്ളി എം.എ.ജെ ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കാന്‍സര്‍ ഡിറ്റക്ഷന്‍ മൊബൈല്‍ ക്ലിനിക്കിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഹാരം കണ്ടെത്തുന്നതില്‍ സഹൃദയയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി ആമുഖപ്രഭാഷണം നടത്തി. ആശാകിരണം വിഭവസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം കാരിത്താസ് ഇന്ത്യ അസി. ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുരയും സഹൃദയ കേശബാങ്കില്‍ നിന്ന് നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന വിഗ് വിതരണത്തിന്റെ ഉദ്ഘാടനം സിനിമാതാരം ഫെമിന ജോര്ജും നിര്‍വഹിച്ചു. സഹൃദയ സയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, എം.എ .ജെ. ആശുപത്രി ഡയറക്ടര്‍ ഫാ. ആന്റണി മഠത്തുംപടി, സഹൃദയ അസി. ഡയറക്ടര്‍ ഫാ. ആന്‍സില്‍ മൈപ്പാന്‍, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസര്‍ അബീഷ് ആന്റണി , സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര എന്നിവര്‍ സംസാരിച്ചു. ഓരോ പ്രദേശങ്ങളിലും എത്തി ബോധവത്കരണ കഌസുകള്‍ക്കൊപ്പം ആവശ്യമുള്ളവര്‍ക്ക് സൗജന്യനിരക്കില്‍ രോഗനിര്‍ണയ പരിശോധനകള്‍ നടത്തുന്നതിനാണ് മൊബൈല്‍ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അറിയിച്ചു.