ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു

ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു
Published on

ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹെലന്‍ കെല്ലര്‍ അനുസ്മരണത്തില്‍ നിന്ന്.

ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച്  ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസീം പ്രേംജി ഫിലാന്‍ത്രോപിക് ഇനിഷ്യേറ്റീവ്‌സിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്  തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് മുന്‍പോട്ടു പോകുവാന്‍  ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് ഹെലന്‍ കെല്ലറുടെ ജീവിതം മാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍   എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകളാണ് സമൂഹം പിന്തുടരേണ്ടതെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ആര്യ രാജന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍,  പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവര്‍ക്കായി ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും എജ്യൂക്കേഷന്‍ കിറ്റുകളുടെയും വിതരണം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കായി ഒണ്‍ലൈന്‍ പ്രശ്ചന്ന വേഷ മത്സരവും സംഘടിപ്പിച്ചു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്‌സ് സെന്ററും പ്രവര്‍ത്തിച്ചുവരുന്നുണ്ട് എന്ന് കെ.എസ്.എസ്.എസ്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org