വിനായക് നിര്‍മ്മലിനും ഷെയ്‌സണ്‍ പി ഔസേപ്പിനും ഐസിപിഎ അവാര്‍ഡുകള്‍

വിനായക് നിര്‍മ്മലിനും ഷെയ്‌സണ്‍ പി ഔസേപ്പിനും ഐസിപിഎ അവാര്‍ഡുകള്‍
Published on

ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ നല്‍കുന്ന ജെ മാവൂരുസ് എസ് എസ് പി അവാര്‍ഡിന് ഗ്രന്ഥകാരനായ വിനായക് നിര്‍മ്മല്‍ അര്‍ഹനായി. നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള വിനായകിന്റെ വൈധവ്യം എന്ന പുസ്തകമാണ് മാവൂരുസ് അവാര്‍ഡിന് അര്‍ഹമായത്.

വൈധവ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളും ആത്മീയതയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയും പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് വൈധവ്യം. സാമൂഹ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് നല്‍കുന്ന മാവൂരുസ് അവാര്‍ഡ്, സെ.പോള്‍ സന്യാസ സമൂഹം ഐസിപിഐയുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

ജെയിംസ് അല്‍ബരിയോണെ അവാര്‍ഡിന് ചലച്ചിത്രകാരനായ ഡോ. ഷെയ്‌സണ്‍ പി ഔസേഫ് തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ഫെയ്‌സ് ഓഫ് ദ ഫേസ്ലെസ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനാണ് ഡോ. ഷെയ്‌സണ്‍.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ നിന്നായി 75 ഓളം അംഗീകാരങ്ങള്‍ ഇതിനകം ഫേസ് ഓഫ് ദ ഫേസ് ലെസ് എന്ന സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാനവിക മൂല്യങ്ങളെ വളര്‍ത്തുന്നതിലുള്ള മികവിന് നല്‍കുന്നതാണ് അല്‍ബരിയോണെ അവാര്‍ഡ്.

ക്രിസ്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ മികവിന് നല്‍കുന്ന ലൂയി കരേനോ അവാര്‍ഡിന് ചെന്നൈയില്‍ നിന്നുള്ള ന്യൂ ലീഡര്‍ മാസിക തെരഞ്ഞെടുക്കപ്പെട്ടു.

അവാര്‍ഡുകള്‍ ഒക്ടോബര്‍ 2ന് മംഗലാപുരത്ത് ഐസിപിഎ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ വച്ച് വിതരണം ചെയ്യും എന്ന് പ്രസിഡണ്ട് ഇഗ്‌നേഷ്യസ് ഗൊണ്‍ല്‍വസ്, സെക്രട്ടറി ഫാ. സുരേഷ് മാത്യു എന്നിവര്‍ അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org