
കൊച്ചി: മോൺസിഞ്ഞോർ ഡോ. ആൻറണി പെരുമായൻ രചിച്ച "അരുത്, ഞാനും മനുഷ്യനാണ്!' എന്ന പുസ്തകം പ്രകാശനം ചെയ്തു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പ്രകാശന കർമ്മം നിർവഹിച്ചു. ഫാ. സെബാസ്റ്റ്യൻ കൂട്ടുങ്ങൽ ആദ്യപ്രതി ഏറ്റുവാങ്ങി. ആർച്ച്ബിഷപ് ജോസഫ് പാമ്പ്ലാനി, ആർച്ച്ബിഷപ് ആൻറണി കരിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
ഭ്രൂണഹത്യ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടുകളും അവയുടെ ചരിത്രവുമാണ് ഗ്രന്ഥത്തിന്റെ മുഖ്യ പ്രമേയം. പ്രോ ലൈഫ് വിഷയങ്ങളിൽ സഭയുടെ ദൃഢമായ നിലപാട് വിവിധ കാലഘട്ടങ്ങളിൽ പ്രകടിപ്പിക്കപ്പെട്ടതിൻ്റെ ചരിത്രം രേഖകളുടെ പിൻബലത്തോടെ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
ഇതു സംബന്ധിച്ച പ്രധാനപ്പെട്ട സഭാ പ്രബോധനങ്ങളും ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈവവചനത്തിനും സഭാ പ്രബോധനത്തിനും പുറമേ ശാസ്ത്രത്തിന്റെയും ധാർമികതയുടെയും പിൻബലത്തോടെ ഭ്രൂണഹത്യക്കെതിരായ വാദമുഖങ്ങൾ അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ.
ബെൽജിയം ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോമെഡിക്കൽ എത്തിക്സിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ലേഖകൻ. എറണാകുളം അങ്കമാലി അതിരൂപതയിലെ എടനാട് ഇടവകാംഗമാണ്. ചുണങ്ങുംവേലി നിവേദിത ഡീൻ ഓഫ് സ്റ്റഡീസ്, അതിരൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ, അയർലണ്ടിലെ സീറോ മലബാർ കത്തോലിക്കരുടെ ചാപ്ലിൻ, അതിരൂപതാ വികാരി ജനറൽ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ എളമക്കര ഇടവക വികാരിയാണ്.