ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം : കെ സി ബി സി

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം : കെ സി ബി സി
Published on

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം എന്നതാണ് കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് എന്ന് കെ സി ബി സി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ജനന നിരക്ക് കുത്തനെ കുറച്ച വികസിത രാജ്യങ്ങളും ചൈനയും അതിന്റെ തിക്തഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 1950കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത്. കേരള കത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തിനും സമ്മേളനത്തിനുമൊടുവില്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ മെത്രാന്മാര്‍ വിശദീകരിച്ചു. ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു ധ്യാനവും സമ്മേളനവും.

മത്‌സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും കടല്‍ക്ഷോഭം അതിരൂക്ഷമായ ചെല്ലാനംപോലുള്ള സ്ഥലങ്ങളില്‍ പുലിമുട്ടുകള്‍ അടിയന്തരമായി നിര്‍മ്മിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നും കെ സി ബി സി ആവശ്യപ്പെടുന്നു.

ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമിയുടെ അറസ്റ്റും അദ്ദേഹത്തിന് ജയിലില്‍ വച്ച് അനുഭവിക്കേണ്ടിവന്ന അവഗണനയും ജാമ്യം ലഭിക്കാതെ അദ്ദേഹം ആശുപത്രിയില്‍ മരിക്കാന്‍ ഇടയായ സാഹചര്യവും അത്യന്തം ദുഃഖകരമാണെന്നു മെത്രാന്മാര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന സകല പൗരന്മാരെയും ആശങ്കപ്പെടുത്തുന്ന നടപടിയായി ഈ സംഭവത്തെ വിലയിരുത്തിയ മെത്രാന്മാര്‍ ദല്‍ഹിയിലെ കത്തോലിക്കാ ദേവാലയം പൊളിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തി.

കലാരംഗത്തെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അംഗീകരിക്കുമ്പോള്‍ത്തന്നെ അത് മതവികാരങ്ങളെ മുറിപ്പെടുത്തുന്ന വിധത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നു മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂര്‍വ്വം അവമതിക്കുന്നതും അവഹേളനാപരമായി ചിത്രീകരിക്കുന്നതും സംസ്‌കാരസമ്പന്നമായ സമൂഹത്തിന് ഭൂഷണമല്ലെന്നു വ്യക്തമാക്കിയ കെ സി ബി സി ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെയും ക്രിസ്തീയ ചൈതന്യത്തിനു ചേര്‍ന്ന മാന്യതയോടെയുമായിരിക്കണമെന്ന് ആവശ്യപ്പെട്ടു.

കോവിഡ് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിലും മൂന്നാം തരംഗം ആസന്നമാണെന്ന മുന്നറിയിപ്പിലും ജനങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ ജാഗ്രത പാലിക്കണമെന്നും കെ സി ബി സി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരും ആരോഗ്യ വിദഗ്ദ്ധരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ സഭയുടെ സ്ഥാപനങ്ങള്‍ മാതൃകയാകണം. സ്ഥലസൗകര്യങ്ങള്‍ക്കനുസരിച്ച് ദൈവാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൂടുതല്‍പേര്‍ക്ക് ആരാധന നടത്താന്‍ സാധിക്കുന്നവിധം അനുവാദം നല്കാനും സര്‍ക്കാര്‍ താല്‍പര്യമെടുക്കണം. പ്രസ്താവനയില്‍ മെത്രാന്മാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org