ഭിന്നലിംഗക്കാരുടെ ലിംഗസമത്വവും മനുഷ്യാവകാശങ്ങളും ചര്‍ച്ച ചെയ്തു

ആലുവ: ഭിന്നലിംഗക്കാരുടെ സമത്വാവകാശവും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തില്‍ ചൂണ്ടി ഭാരത മാതാ കോളജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ആര്‍ട്‌സില്‍ സ്പീക്കേഴ്‌സ് ഫോറം, മീഡിയ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല സ്റ്റുഡന്റ് സര്‍വീസസ് വിഭാഗത്തിന്റെ സഹകരണത്തോടെ സിംപോസിയം സംഘടിപ്പിച്ചു. ട്രാന്‍സ് ജന്‍ഡേഴ്‌സ് സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെപ്പറ്റി മനസിലാക്കുവാനും അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടി മുന്നില്‍ നിന്ന് പൊരുതുവാനും വളര്‍ന്നു വരുന്ന യുവജന സമൂഹത്തിന് കടമയുണ്ട്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ചിന്താഗതിയും കാഴ്ചപ്പാടും വിലയിരുത്താന്‍ ഈ സിമ്പോസിയം വഴിയൊരുക്കി.

ഫാ. ജേക്കബ് പുതുശേരി, പ്രഫ. ഡോ. സിബി മാത്യു, ഡോ. സിബില ഫെര്‍ണാണ്ടസ് എന്നിവര്‍ വിഷയാവതരണം നടത്തി. എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസിന്റെ ഡയറക്ടര്‍ ആയി സേവനം ചെയ്തുവരുന്ന ആരതി പി എം, അഭിനയം, മോഡലിംഗ്, മാധ്യമപ്രവര്‍ത്തനം എന്നീ മേഖലകളില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ച ശീതള്‍ ശ്യാം, ട്രാന്‍സ് ജന്‍ഡേഴ്‌സിനു വേണ്ടിയുള്ള ധ്വാനി ഫൗണ്ടേഷന്റെ കോഫൗണ്ടറും എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ജന്‍ഡര്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയുമായ അനു രാജ് എന്നിവര്‍ അതിഥികളായി പങ്കെടുത്തു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ട്രാന്‍സ് ജന്‍ഡര്‍ പ്രോജക്ടിന്റെ ഔട്ട്‌റീച് വര്‍ക്കര്‍, നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കമ്മ്യൂണിറ്റി ലിങ്ക് വര്‍ക്കര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ജോ സ്റ്റീവ് പാനല്‍ ചര്‍ച്ചയുടെ മോഡറേറ്ററായിരുന്നു. ചോദ്യോത്തര വേളയില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ശീതള്‍ ശ്യാം ഉത്തരം നല്‍കി. കുട്ടികളുടെ സജീവ പങ്കാളിത്തം പരിപാടിയെ വേറിട്ട തലത്തിലേക്കെത്തിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org